പ്ലാസ്റ്റിക് സഞ്ചി നിരോധനം ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക്

ഷീബ വിജയൻ
മസ്കത്ത്: പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കാനുള്ള ദേശീയ തീരുമാനത്തിന്റെ മൂന്നാം ഘട്ടം ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഭക്ഷണശാലകൾ, പച്ചക്കറികൾ, പഴങ്ങൾ, പാക്കേജിങ് എന്നിവ വിൽക്കുന്ന സ്റ്റോറുകൾ, സമ്മാന കടകൾ, ബ്രെഡ്, പേസ്ട്രികൾ, മധുരപലഹാരങ്ങൾ എന്നിവ വിൽക്കുന്ന ബേക്കറി കടകൾ, മിഠായി ഫാക്ടറികൾ, കടകൾ എന്നിവയിലാണ് ജൂലൈ ഒന്നു മുതൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വന്നത്. ഇവിടങ്ങളിൽ പ്ലാസ്റ്റിക്ക് സഞ്ചികൾ ഉപയോഗിക്കുന്നത് നിർത്തി തുണി ബാഗുകൾ, പേപ്പർ ബാഗുകൾ പോലുള്ള പരിസ്ഥിതി സൗഹൃദ ബദലുകളിലേക്ക് മാറേണ്ടതാണ്. മൂന്നാം ഘട്ട നിരോധനത്തിന് മുന്നോടിയായി മസ്‌കത്തിൽ പരിസ്ഥിതി അതോറിറ്റി ബോധവൽക്കരണ കാമ്പയിൻ നടത്തിയിരുന്നു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, മസ്‌കത്ത് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ചാണ് മസ്‌കത്തിലുടനീളമുള്ള പ്രധാന വിപണികളിൽ ബോധവത്ക്കരണ കാമ്പയികൾ ആരംഭിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ നിരോധനത്തെക്കുറിച്ച് ബിസിനസ് സ്ഥാപനങ്ങളെയും വാങ്ങുന്നവരെയും ബോധവൽക്കരിക്കുക എന്നതായിരുന്നു ലക്ഷ്യം. പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിനിലൂടെ ഉദ്ദേശിച്ചിരുന്നത്. ഉപഭോക്താക്കളെ പുതിയ മാറ്റത്തിലേക്ക് സഹായിക്കുന്നതിനായി വിവിധ കടകളിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം കുറക്കുകയും പരിസ്ഥിതി സംരക്ഷണവുമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ മാറ്റത്തെ പിന്തുണക്കാൻ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമുള്ളവ ഉപയോഗിച്ച് തുടങ്ങാൻ താമസക്കാരോടും ബിസിനസ് ഉടമകളോടും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു.