ലാലുവിന്റെ മക്കളുടെ വീടുകളിൽ റെയ്ഡ്; 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു

ജോലിക്കു പകരം ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെയും സഹോദരിമാരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ 70 ലക്ഷം രൂപയും ഒന്നര കിലോ സ്വർണാഭരണങ്ങളും 540 ഗ്രാം സ്വർണക്കട്ടിയും 900 യു.എസ് ഡോളർ അടക്കമുള്ള വിദേശ കൻസികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് തേജസ്വിയുടെ ഡൽഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. ലാലു പ്രസാദ് യാദവിന്റെ മൂന്നുപെൺമക്കളുടെയും വീടുകളിലും റെയ്ഡ് നടന്നിരുന്നു. സമാജ് വാദി പാർട്ടി നേതാവ് ജിതേന്ദർ യാദവിന്റെ താമസ സ്ഥലത്തും റെയ്ഡുണ്ടായിരുന്നു. ലാലുവിന്റെ മകൾ രാഗിണിയുടെ ഭർത്താവാണ് ജിതേന്ദർ.
തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട് ലാലുവിനെയും ഭാര്യ റാബ്റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കേസിൽ ചോദ്യം ചെയ്യാൻ ശനിയാഴ്ച തേജസ്വി യാദവിനെ സി.ബി.ഐ വിളിപ്പിക്കുകയും ചെയ്തു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ നിയമനങ്ങൾക്കു പകരമായി ഉദ്യോഗാർഥികളിൽനിന്നു ഭൂമി തുച്ഛ വിലയ്ക്ക് ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ എഴുതി വാങ്ങിയെന്നതാണ് കേസ്. ഇത്തരത്തിൽ ഉദ്യോഗാർഥികളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭൂമിയിടപാടുകൾ സി.ബി.ഐ കണ്ടെത്തിയിരുന്നു. ലാലു കുടുംബത്തിന്റെ ബിനാമി ഉടമസ്ഥതയിലുള്ള ഭൂമിയിൽ അബു ദോജാനയുടെ മെറീഡിയൻ കൺസ്ട്രക്ഷൻസ് കമ്പനി മാൾ നിർമിച്ചതായി നേരത്തേ സി.ബി.ഐ കണ്ടെത്തിയിരുന്നു.
safaf