ക്ഷേത്രകാര്യങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുത്തുകൂടേയെന്ന് സർക്കാരിനോട് സുപ്രീം കോടതി

ക്ഷേത്ര ഭരണത്തിൽ സർക്കാർ ഇടപെടുന്നത് എന്തിനെന്നും ക്ഷേത്രകാര്യങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുത്തുകൂടേയെന്നുമുള്ള ചോദ്യവുമായി സുപ്രീം കോടതി. കർണൂലിലെ അഹോബിലാം ക്ഷേത്രത്തിൽ ഭരണത്തിനായി എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എസ്‌കെ കൗൾ, എഎസ് ഒക്ക എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
സംസ്ഥാന സർക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേത്രകാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗൾ സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഡ്വക്കേറ്റ് നിരഞ്ജൻ റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധപ്പെട്ടവർ നടത്തട്ടെയെന്നും കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങൾ വിശ്വാസികൾക്കു വിട്ടുകൊടുത്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു.
ക്ഷേത്രത്തിൽ എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനയുടെ 26 ഡി അനുഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണത്തിനായി എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സർക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മഠാധിപതിയുടെ അവകാശങ്ങളുടെ ലംഘനമാണ് സർക്കാർ നടപടിയെന്നും തമിഴ്‌നാട്ടിലെ അഹോബിലാം മഠത്തിന്റെ അവിഭാജ്യഘടകമാണ് ഈ ക്ഷേത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഠവും ക്ഷേത്രവും രണ്ടാണെന്നായിരുന്നു സർക്കാർ വാദം. എന്നാൽ കോടതി ഇത് സ്വീകരിച്ചില്ല.
ydryr