അഗ്‌നിവീർ‍ റിക്രൂട്ട്മെന്റിന്റെ പേരിൽ യുവാക്കളുടെ കയ്യിൽ നിന്നും 30 ലക്ഷം തട്ടിയെടുത്ത മുൻ സൈനികൻ അറസ്റ്റിൽ


അഗ്‌നിവീർ‍ റിക്രൂട്ട്മെന്റ് വഴി ജോലി നൽ‍കാമെന്ന് വാഗ്ദാനം നൽ‍കി യുവാക്കളെ കബളിപ്പിച്ച് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ‍ മുന്‍ സൈനികന്‍ അറസ്റ്റിൽ‍. ശാസ്താംകോട്ട മൈനാഗപ്പള്ളി ഐശ്വര്യ ഭവനിൽ‍ ബിനു (42) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്.കുണ്ടറ സ്വദേശികളായ ഉദ്യോഗാർ‍ഥികൾ‍ സൈനിക ഇന്റലിജൻസിന് നൽ‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പാങ്ങോട് സൈനിക രഹസ്യാന്വേഷണ വിഭാഗം, കുണ്ടറ പൊലീസ്, പൊലീസ് സ്‌പെഷൽ‍ ബ്രാഞ്ച് എന്നിവർ‍ ചേർ‍ന്നാണ് പ്രതിയെ പിടികൂടിയത്. 

അഗ്‌നിവീർ‍ റിക്രൂട്ട്മെന്റിൽ‍ ജോലി വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽ‍നിന്നായി 30 ഓളം യുവാക്കളെയാണ് കബളിപ്പിച്ചത്. ഉദ്യോഗാർ‍ഥികളുടെ വിശ്വാസം നേടിയ ശേഷം ഇവരിൽ‍ നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങുകയായിരുന്നു. ഇതിനായി ഇന്ത്യൻ‍ സേനയുടെ പേരിൽ‍ കൃത്രിമ രേഖകളുണ്ടാക്കി.   സൈനിക റാലിക്കായി തയാറെടുക്കുന്ന ഉദ്യോഗാർ‍ഥികളെ ഫോണിൽ‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. റിക്രൂട്ട്‌മെന്റ് റാലിയിൽ‍ പങ്കെടുത്തവരിൽ‍ കുറച്ചു പേർ‍ക്കെങ്കിലും ജോലി ലഭിക്കും. അത് താൻ‍വഴി നടന്നതാണെന്ന് വിശ്വസിപ്പിച്ചും മറ്റുള്ളവരെ അവരുടെ കഴിവുകേടുകൊണ്ടാണ് കിട്ടാതിരുന്നതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന തന്ത്രമാണ് ഇയാൾ‍ ഉപയോഗിച്ചത്. മിലിട്ടറി ഇന്റലിജൻസ് കുണ്ടറ സ്റ്റേഷനിൽ‍ എത്തി പ്രതിയെ ചോദ്യം ചെയ്തു. പുത്തൂർ‍ സ്വദേശികളായ രണ്ടുപേർ‍കൂടി പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. കൂടുതൽ‍പേർ‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് എസ്.എച്ച്.ഒ. ആർ‍. രതീഷ് പറഞ്ഞു.

article-image

457ീ5

You might also like

  • Straight Forward

Most Viewed