നരേന്ദ്ര മോദിയെ “രാഷ്ട്രപിതാവ്” എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പത്നി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “രാഷ്ട്രപിതാവ്” എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെ ഭാര്യ അമൃത ഫഡ്നാവിസ്. നാഗ്പുർ ആസ്ഥാനമായുള്ള എഴുത്തുകാരുടെ സംഘടനയായ അഭിവ്യക്തി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അമൃതയുടെ പരാമർശം. ഇന്ത്യക്ക് രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ടെന്നും നരേന്ദ്ര മോദി പുതിയ ഇന്ത്യയുടെ പിതാവാണെന്നും മഹാത്മാഗാന്ധി പഴയ കാലഘട്ടത്തിലെ ഇന്ത്യയുടെ പിതാവാണെന്നും അമൃത പറഞ്ഞു. ഇതാദ്യമായല്ല അമൃത ഫഡ്നാവിസ് നരേന്ദ്ര മോദിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത്. 2019ൽ ജന്മദിനാശംസകൾ നേർന്ന് അമൃത നടത്തിയ ട്വീറ്റിലും മോദിയെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ചതും വിവാദമായിരുന്നു.
നമ്മുടെ രാജ്യത്തിന്‍റെ പിതാവായ നരേന്ദ്ര മോദിക്ക് ജന്മദിനാശംസകൾ നേരുന്നു എന്നായിരുന്നു അമൃതയുടെ അന്നത്തെ ട്വീറ്റ്. അതേസമയം, അമൃതയുടെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തി. ആർഎസ്എസ്−ബിജെപി ആശയങ്ങൾ പിന്തുടരുന്ന ആളുകൾ ഗാന്ധിജിയെ വീണ്ടും വീണ്ടും കൊല്ലാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നുണകൾ ആവർത്തിച്ച് ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയും മഹാത്മാ ഗാന്ധിയെപ്പോലുള്ള മഹാന്മാരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നതിലാണ് അവർ വെപ്രാളപ്പെട്ടിരിക്കുന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് യശോമതി താക്കൂർ പറഞ്ഞു.
fdsfsfs