ശിവസേന എംപി സഞ്ജയ് റാവത്തിന്‍റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതി

ശിവസേന എംപി സഞ്ജയ് റാവത്തിന്‍റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് കോടതിയുടെ നിരീക്ഷണം. സഞ്ജയ് റാവത്തിനും പ്രവീണ്‍ റാവത്തിനും ജാമ്യം അനുവദിച്ചാണ് പ്രത്യേക കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെ ഈ നിരീക്ഷണം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി റാവത്തിനെ അറസ്റ്റ് ചെയ്തത്. "സിവിൽ തർക്കങ്ങളെ കള്ളപ്പണം വെളുപ്പിക്കലെന്നും സാമ്പത്തിക കുറ്റകൃത്യമെന്നും മുദ്രകുത്തി നിരപരാധികളെ അറസ്റ്റ് ചെയ്ത് ദയനീയമായ അവസ്ഥയിലേക്ക് വലിച്ചിഴയ്ക്കാന്‍ കഴിയില്ല. കോടതിക്ക് മുന്‍പിലെത്തുന്നത് ആരായാലും ശരിയായ കാര്യമാണ് കോടതി ചെയ്യേണ്ടത്. സിവിൽ കേസിലാണ് പ്രവീണ്‍ റാവത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. അതേസമയം സഞ്ജയ് റാവത്തിന്‍റേത് ഒരു കാരണവും കാണിക്കാതെയാണ്" എന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യം സ്റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം ബോംബെ ഹൈക്കോടതിയും അംഗീകരിച്ചില്ല.
സെൻട്രൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സഞ്ജയ് റാവത്ത് പറഞ്ഞതിങ്ങനെ: "കോടതിയുടെ നിരീക്ഷണങ്ങൾ നിങ്ങളുടെ മുന്നിലുണ്ട്. ജീവിതത്തിൽ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഞാൻ ഇത് ഒരിക്കലും മറക്കില്ല. എനിക്ക് ആരോടും ഒരു വിരോധവുമില്ല. നിയമം എനിക്ക് നീതി നൽകി. ഞാൻ നന്ദിയുള്ളവനാണ.”സഞ്ജയ് റാവത്തിന് ജാമ്യം അനുവദിക്കുന്നതിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എതിർത്തു. ജാമ്യ ഉത്തരവ് വെള്ളിയാഴ്ച വരെ സ്‌റ്റേ ചെയ്യണമെന്ന ഇ.ഡിയുടെ അഭ്യർത്ഥന തള്ളിക്കൊണ്ട് പ്രത്യേക കോടതി സഞ്ജയ് റാവത്തിനും പ്രവീൺ റാവത്തിനും ജാമ്യം അനുവദിക്കുകയായിരുന്നു.
പത്ര ചൗൾ റീ ഡവലപ്‌മെൻറ് പ്രൊജക്ടിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് സഞ്ജയ് റാവത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. 1034 കോടിയുടെ അഴിമതി നടന്നുവെന്നാണ് ഇ.ഡിയുടെ ആരോപണം. ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവാണ് സഞ്ജയ് റാവത്ത്. ആഗസ്ത് ഒന്നിന് അറസ്റ്റിലായ റാവത്ത് മുംബൈ ആർതർ റോഡ് ജയിലിലായിരുന്നു. ശിവസേനാ വിമത എം.എൽ.എമാരുടെ സംഘത്തിൽ ചേരാൻ തനിക്കും ഓഫർ ലഭിച്ചെന്ന് സഞ്ജയ് റാവത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ താൻ ബാലാസാഹെബ് താക്കറെയുടെ പിൻഗാമിയായതു കൊണ്ട് അതു നിരസിച്ചെന്നും അന്ന് റാവത്ത് പറഞ്ഞു. ബി.ജെ.പിയുടെയും ഷിൻഡെ പക്ഷ ശിവസേനയുടെയും കടുത്ത വിമർശകനായിരുന്നു റാവത്ത്.
dufd