ഹൈദരാബാദിൽ ലഷ്കർ പ്രവർത്തകർ എന്ന് സംശയിക്കുന്ന നാല് പേർ പിടിയിൽ

ഭീകരബന്ധം സംശയിച്ച് നടത്തിയ റെയ്ഡിൽ ഹൈദരാബാദിൽ നിന്നും പിടികൂടിയത് നാല് ഗ്രനേഡുകൾ. ഹൈദരാബാദിലെ ലഷ്‌കർ പ്രവർത്തകരെന്ന് സംശയിക്കുന്ന അബ്ദുൾ സഹെദ്, മുഹമ്മദ് സമീഉദ്ദീൻ, മാസ് ഹസൻ ഫാറൂഖ് എന്നിവരിൽ നിന്നാണ് ഗ്രനേഡുകൾ പിടികൂടിയത്. കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ റെയ്ഡിലാണ് മൂന്നുപേരുടെ വീടുകളിൽ നിന്നും ഗ്രനേഡുകൾ പിടിച്ചെടുത്തത്. പാകിസ്താൻ ഡ്രോണുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് പഞ്ചാബ് അതിർത്തിയിൽ വ്യോമാക്രമണം നടത്തിയതിന് സമാനമാണ് പിടിച്ചെടുത്ത ഗ്രനേഡുകളെന്നും ഇവയിൽ മെയ്ഡ്− ഇൻ− ചൈന അടയാളമുണ്ടെന്നും തെലങ്കാന പൊലീസിന്‍റെ ഉന്നത വൃത്തങ്ങൾ അറിയിച്ചു. ഇവരിൽ നിന്ന് പിടികൂടിയ ഗ്രനേഡുകൾ പാക് ഡ്രോണുകൾ എത്തിച്ച് നൽകിയാതാകാമെന്നും പൊലീസ് വ്യക്തമാക്കി.
ഇതുപയോഗിച്ച് ഇവർ ആക്രമണത്തിന് പദ്ധതിയിട്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ലഷ്‌കറെ ത്വയിബയുമായി പിടിയിലായവർക്ക് ബന്ധം കണ്ടെത്തിയതോടെ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാനും സാധ്യതയുണ്ട്. ഞായറാഴ്ച അറസ്റ്റിലായ സാഹെദ് തന്‍റെ സഹായികളായ ഫർഹത്തുള്ള ഘോരി, സിദ്ദിഖ് ബിൻ ഒസ്മാൻ, അബ്ദുൾ മജീദ് എന്നിവരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.
ഇവർ നിലവിൽ പാകിസ്താനിലാണ്. ഓപ്പറേഷൻ നിയന്ത്രിക്കുന്നത് റാവൽപിണ്ടിയിൽ നിന്നാണ്. ദസറയിൽ പൊതു സ്ഥലങ്ങളിൽ ഭീകരത സൃഷ്ടിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നും പൊലീസ് പറയുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ കാര്യങ്ങൾ വ്യക്തമാകും. പിടികൂടിയ ഗ്രനേഡുകളിലൊന്ന് ഒരു പ്രതിയുടെ കട്ടിലിനടിയിൽ പെട്ടിയിൽ നിന്നാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരിൽ നിന്ന് ഉറവിടം വ്യക്തമാക്കാത്ത 5.4 ലക്ഷം രൂപയും പിടികൂടി. കോഡ് ഭാഷയിലാണ് പ്രതികൾ പാകിസ്താനിലുള്ള ഭീകരരുമായി സംസാരിച്ചതെന്നും ഒരു ആപ്പ് വഴിയായിരുന്നു ഇവരുടെ ആശയവിനിമയമെന്നും പോലീസ് പറയുന്നു.
F
F