‘അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറണം’; ശശി തരൂരിനെതിരെ തെലങ്കാന പിസിസി

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതിയുടെ നിർദേശങ്ങൾ അവഗണിച്ച് ശശി തരൂരിനെതിരെ പിസിസികൾ. മത്സരത്തിൽ നിന്ന് ശശി തരൂർ പിന്മാറണമെന്ന് തെലങ്കാന പിസിസി ആവശ്യപ്പെട്ടു. ഹൈദരാബാദിൽ തരൂരിന് വലിയ സ്വീകരണം ലഭിച്ചതിന് പിന്നാലെയാണ് പിസിസി അധ്യക്ഷൻ മല്ലു ഭട്ടി വിക്രത്തിന്റെ പരാമർശം.
പിസിസികൾ ഏതെങ്കിലും സ്ഥാനാർത്ഥിയെ പിന്തുണച്ചോ എതിർത്തോ രംഗത്തെത്തരുതെന്നായിരുന്നു തെരഞ്ഞെടുപ്പ് സമിതിയുടെ കർശന നിർദേശം. ഇത് ലംഘിച്ചാണ് തെലങ്കാന പിസിസി തരൂരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ കൂടി മൗനാനുവാദത്തോടെയാണ് പിസിസി ഇത്തരമൊരു തീരുമാനമെടുത്തതെന്ന ആരോപണം ശശി തരൂർ വിഭാഗം ഉന്നയിക്കുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ ഉൾപ്പെടെ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുന്നതായി അറിയിച്ചിരുന്നു. രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ തന്റെ പിന്തുണ ഖാർഗെക്കാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
പിസിസികൾ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള വേദിയാകരുതെന്ന് തരൂർ അനുകൂലികളായ ഒരു വിഭാഗം എതിർപ്പറിയിച്ചിരുന്നു. ഉത്തർപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യു നേതാക്കൾ പ്രതിഷേധമറിയിച്ചു. മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളിലും ഖാർഗെ അനുകൂല പ്രചാരണങ്ങൾക്കെതിരെ എതിർപ്പുയർന്നിട്ടുണ്ട്.
cujfv
cujfv