ഗെഹ്‌ലോട്ടിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്. രാജസ്ഥാനിൽ കാര്യങ്ങൾ വഷളാക്കിയ ഗെലോട്ടിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കരുതെന്നാണ് നേതാക്കളുടെ ആവശ്യം. ഹൈക്കമാൻഡ് അപമാനിക്കപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു. സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയാകുന്നത് തടയുന്നതിന് ചുക്കാൻ പിടിക്കുന്നത് ഗെഹ്‌ലോട്ടാണെന്നും നേതാക്കൾ ആരോപിക്കുന്നു. അശോക് ഗെഹ്‌ലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. യോഗം റദ്ദാക്കിയതിന് പിന്നാലെ അശോക് ഗെഹ്‌ലോട്ടുമായി കെ.സി. വേണുഗോപാൽ സംസാരിച്ചു. കാര്യങ്ങൾ തന്‍റെ നിയന്ത്രണത്തിലല്ലെന്നാണ് അശോക് ഗെഹ്‌ലോട്ട് കെ.സി. വേണുഗോപാലിനോട് പറഞ്ഞത്. എംഎൽഎമാരോട് സംസാരിക്കാൻ നിരീക്ഷകർക്ക് സോണിയ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം ഹൈക്കമാൻഡിന് വിടാനുള്ള പ്രമേയം പാസാക്കാനും നിർദ്ദേശം നൽകി.
അശോക് ഗെഹ്‌ലോട്ടിനു പകരം സച്ചിൻ പൈലറ്റിനെ രാജസ്ഥാനിൽ മുഖ്യമന്ത്രിയാക്കിയാൽ രാജിവയ്ക്കുമെന്ന് കോൺഗ്രസ് എംഎൽഎമാർ ഭീഷണിമുഴക്കിയിരുന്നു. ഗെഹ്‌ലോട്ടിനോപ്പമുള്ള തൊണ്ണൂറിലധികം എംഎൽഎമാർ രാജി ഭീഷണി മുഴക്കി നിയമസഭാ സ്പീക്കറെ കണ്ടു. ഇതോടെ രാജസ്ഥാനിൽ കോൺഗ്രസ് വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. 92 എംഎൽഎമാർ രാജിവച്ചാൽ രാജസ്ഥാനിൽ കോൺഗ്രസിന് അധികാരം വരെ നഷ്ടമാകും. 92 എംഎൽഎമാർ രാജിവച്ചാൽ നിയമസഭയുടെ അംഗബലം 108 ആയി കുറയും. പിന്നീട് കേവല ഭൂരിപക്ഷത്തിന് 55 എംഎൽഎമാരുടെ പിന്തുണ മതിയാകും. ബിജെപിക്ക് 70 എംഎൽഎമാരുണ്ട്. ഇതോടെ രാജസ്ഥാനിൽ ഭരണം പിടിക്കാൻ ബിജെപിക്ക് എളുപ്പമാകും.
seydsuy