വീട്ടു ജോലിക്കാരിയെ മർദിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് സീമ പത്ര അറസ്റ്റിൽ

വീട്ടു ജോലിക്കാരിയായ യുവതിയെ മർദിച്ച സംഭവത്തിൽ ബി.ജെ.പി നേതാവ് സീമ പത്രയെ അറസ്റ്റ് ചെയ്ത് റാഞ്ചി പൊലീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്നും കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.സി, എസ്.ടി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് പത്രക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പത്രയുടെ വീട്ടിൽ ജോലിചെയ്യുന്ന സമയത്ത് നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ സുനിത വിവരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പത്ര ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് സുനിത വിഡിയോയിൽ പറയുന്നുണ്ട്. പത്ത് വർഷത്തോളമായി പത്രയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്നു സുനിത. ആഗസ്റ്റ് 22നാണ് ഇവരെ പൊലീസ് രക്ഷപ്പെടുത്തിയത്. അവശനിലയിലായ സുനിത ആശുപത്രിയിൽ ചികിത്സയിലാണ്. പത്രക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ഇവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. പത്രയുടെ അറസ്റ്റ് വൈകുന്നതിൽ ഝാർഖണ്ഡ് ഗവർണർ രമേഷ് ബെയ്സ് ഡി.ജി.പി നീരജ് സിൻഹയെ അതൃപ്തി അറിയിച്ചിരുന്നു.
ശിവസേന എം.പി പ്രിയങ്ക ചതുർവേദിയും പത്രക്കെതിരെ രംഗത്തെത്തി. ഇന്ത്യൻ രാഷ്ട്രപതി എന്ന വാക്ക് തെറ്റായി പറഞ്ഞതിന് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പാർലമെന്‍റിൽ ആക്രോശിച്ച വനിതാ മന്ത്രിമാർ സുനിതയുടെ കാര്യത്തിൽ ലജ്ജാകരമായ മൗനത്തിലാണെന്ന് ചതുർവേദി ട്വീറ്റ് ചെയ്തു.
xghcfhc