അമിത് ഷായുടെ ചിത്രം ട്വീറ്റ് ചെയ്തു; സംവിധായകൻ അവിനാഷ് ദാസ് അറസ്റ്റിൽ


അഴിമതിക്കേസിലെ പ്രതിക്കൊപ്പമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച സിനിമാ സംവിധായകന്‍ അവിനാഷ് ദാസ് അറസ്റ്റിൽ. അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ അമിത് ഷായ്‌ക്കൊപ്പമുള്ള ചിത്രമാണ് അവിനാഷ് ദാസ് ട്വീറ്റ് ചെയ്തത്.

ഗുജറാത്ത് പോലീസ് മുംബൈയിൽനിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അവിനാഷ് ദാസിനെ മറ്റ് നടപടികൾക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുവരികയാണെന്ന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ അറിയിച്ചു.

വ്യാജരേഖ പ്രാചാരണത്തിനെതിരായ സെക്ഷന്‍ 469 ചുമത്തിയാണ് അറസ്റ്റ്. ദേശീയ പതാക ധരിച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ‌ ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതിന് എതിരായ വകുപ്പും ചുമത്തിയിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടിയുടെ അഴിമതി നടത്തിയെന്ന കേസില്‍ മെയ് മാസത്തിലാണ് പൂജ സിംഗാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

You might also like

  • Straight Forward

Most Viewed