ഉത്തർ‍പ്രദേശിൽ‍ ലുലുമാളിനുള്ളിൽ‍ നിസ്‌കരിച്ചവർ‍ക്കെതിരെ പൊലീസിൽ‍ പരാതി നൽ‍കി മാൾ‍ അധികൃതർ‍


ഉത്തർ‍പ്രദേശിൽ‍ പുതുതായി ആരംഭിച്ച ലുലുമാളിനുള്ളിൽ‍ നിസ്‌കരിച്ചവർ‍ക്കെതിരെ പൊലീസിൽ‍ പരാതി നൽ‍കി മാൾ‍ അധികൃതർ‍. ഹിന്ദു സംഘടന നൽ‍കിയ പരാതിക്ക് പിന്നാലെയാണ് ലുലു ഗ്രൂപ്പും പരാതി നൽ‍കുന്നത്. ഇതിന് പുറമേ മാളിനുള്ളിൽ‍ ഒരു മതാചാര പ്രകാരമുള്ള പ്രാർ‍ത്ഥനയും അനുവദിക്കില്ലെന്ന അറിയിപ്പ് ബോർ‍ഡും സ്ഥാപിച്ചു.∍ലുലു മസ്ജിദ്∍ എന്ന് വിളിച്ചുകൊണ്ടാണ് മാളിൽ‍ ചിലർ‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ അഖില ഭാരത ഹിന്ദു മഹാസഭ പ്രചരിപ്പിച്ചത്. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിൽ‍ പ്രചാരണം ആരംഭിച്ചത്. ലുലുമാളിൽ‍ ലൗജിഹാദ് നടക്കുന്നുണ്ടെന്നും ജീവനക്കാരിൽ‍ 70 ശതമാനവും മുസ്ലീങ്ങൾ ആണെന്നും പരാതിയിൽ‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ നിസ്‌കരിച്ചവർ‍ക്കെതിരെ മാനേജ്‌മെന്റും പരാതി നൽ‍കുകയായിരുന്നു. ഇവർ‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. 

ലുലു മാൾ‍ അധികൃതർ‍ വെള്ളിയാഴ്ച ഹിന്ദു മഹാസഭാ ദേശീയ വക്താവ് ശിശിർ‍ ചതുർ‍വേദിയുടെ വസതിയിൽ‍ സന്ദർ‍ശനം നടത്തിയെന്നാണ് റിപ്പോർ‍ട്ടുകൾ‍. ഹിന്ദു സംഘടന സംഘടിപ്പിക്കാനിരുന്ന പ്രതിഷേധം തണുപ്പിക്കാനായിരുന്നു മാൾ‍ മാനേജ്‌മെന്റിന്റെ നീക്കം. ഇതിന് പുറമേ മാളിനുള്ളിൽ‍ നിസ്‌കാരം നടത്തില്ലെന്ന് ഉറപ്പ് നൽ‍കുകയും ചെയ്തു. ജൂലൈ 10 നാണ് സംസ്ഥാനത്ത് ലുലുമാൾ‍ പ്രവർ‍ത്തനം ആരംഭിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് ചെയർ‍മാൻ‍ എം.എ യൂസുഫ് അലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ‍. ജീവനക്കാരാണ് മാളിൽ‍ നിസ്‌കരിക്കാൻ സൗകര്യമൊരുക്കി നൽ‍കിയതെന്ന് ഹിന്ദു മഹാസഭ ആരോപിച്ചിരുന്നു. എന്നാൽ‍ മാൾ‍ അധികൃതർ‍ നടത്തിയ അന്വേഷണത്തിൽ‍ ജീവനക്കാർ‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തി.

You might also like

Most Viewed