സഹപാഠിയായ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന് വധശിക്ഷ

സഹപാഠിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് ഈജിപ്ഷ്യൻ പൗരന് വധശിക്ഷ വിധിച്ച് കോടതി. ഈജിപ്തിലെ അൽ മൻസൂറ ക്രിമിനൽ കോടതിയുടേതാണ് വിധി. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. അൽ മൻസൂറ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് പുറത്താണ് കൊലപാതകം നടന്നത്. നയേറ അഷ്‌റഫ് എന്ന പെൺകുട്ടിയെ മുഹമ്മദ് ആദൽ എന്ന യുവാവ് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. രാജ്യത്തിനകത്ത് വലിയ പ്രതിഷേധമാണ് ഇതേത്തുടർന്നുണ്ടായത്.
കെയ്‌റോയിൽ നിന്ന് 130 കിലോമീറ്റർ വടക്കുള്ള മൻസൂറയിലാണ് സംഭവം. കുറ്റകൃത്യത്തിന്റെ ഗൗരവം, കൊലപാതകം നടന്ന രീതി, തുടങ്ങിയവ കണക്കിലെടുത്ത് വിചാരണയും ശിക്ഷാവിധിയും കോടതി വേഗത്തിലാക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ പറഞ്ഞു. പൊതുജനത്തിന് ഇതൊരു മുന്നറിയിപ്പാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം ഈജിപ്ഷ്യൻ പീനൽ കോഡ് അനുസരിച്ച് പ്രാഥമിക കോടതി വിധിയായത് കൊണ്ട് പ്രതിക്ക് അപ്പീലുമായി മുന്നോട്ട് പോകാമെന്നും അഭിഭാഷകൻ പറഞ്ഞു.
യൂണിവേഴ്‌സിറ്റിക്ക് പുറത്ത് പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെ അതിന്റെ ദൃശ്യങ്ങളടങ്ങിയ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പെൺകുട്ടിക്ക് കൊലപാതകിയെ ഭയമുണ്ടായിരുന്നെന്ന് കാട്ടി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും അറബ് ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്രതിയുടെ ഫോണിൽ നിന്ന് കൊലപാതകം നടത്തുമെന്ന സൂചനകളും കണ്ടെത്തിയിരുന്നു.