ചില പദ്ധതികൾ അങ്ങനെയാണ്, ആദ്യം അരോചകമായേക്കാം; പ്രധാനമന്ത്രി

അഗ്നിപഥിനെതിരെ പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു.
ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാൽ അഗ്നിപഥിനെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയാറായില്ല.
അതേസമയം അഗ്നിപഥ് പദ്ധതിയുടെ കരസേന റിക്രൂട്ട്മെന്റ് റാലിയുടെ വിഞ്ജാപനം പുറപ്പെടുവിച്ചു. പരിശീലനം ഉൾപ്പെടെ നാല് വർഷത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമാണ്. ജൂലൈ മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. കരസേനയിൽ ഡിസംബർ ആദ്യവാരവും ഫെബ്രുവരി 23 നുമായി രണ്ട് ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം.
ആദ്യ വർഷം 32,000 രൂപയും രണ്ടാം വർഷം 33,000 രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മൂന്നാം വർഷം 36,500 രൂപയും നാലാം വർഷം 40,000 രൂപയും പ്രതിഫലമായി ലഭിക്കും. അതേസമയം വിരമിച്ച ശേഷം വിമുക്ത ഭടന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ഇവർ അർഹരാകില്ല. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ 2023 പകുതിയോടെ സേനയുടെ ഭാഗമാകുമെന്ന് കരസേന മേധാവി മനോജ് പാണ്ഡെ ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യോമസേന വെള്ളിയാഴ്ചയും നാവികസേന ശനിയാഴ്ചയും കരട് വിജ്ഞാപനം പുറത്തിറക്കും.