സ്വർണക്കടത്ത് കേസ്; സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി

സ്വർണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി. സ്വപ്‍ന സുരേഷും സരിത്തും കസ്റ്റംസിന് നൽകിയ മൊഴിയാണ് ഇഡിക്ക് ലഭിക്കുക. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎം കോടതിയാണ് അനുമതി നൽകിയത്. സ്വപ്നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. കേസിൽ കസ്റ്റംസ് അന്വേഷണം അവസാനിച്ച ഘട്ടത്തിലാണ് മൊഴി എടുക്കുന്നത്.
കസ്റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു.
സ്വപ്ന സുരേഷ് പുതുതായി നൽകിയ 27 പേജുള്ള 164 മൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നൽകിയ മൊഴിക്കായി ഇഡി വീണ്ടും കോടതിയെ സമീപിച്ചത്. കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയിൽ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതൽ വെളിപ്പെടുത്തലുകളുടെ ഉണ്ടോ എന്ന് അറിയുന്നതിനായി ആണ് ഇ.ഡിയുടെ നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡിയുടെ ഹർജി കോടതിയിൽ എതിർക്കേണ്ടതില്ല എന്നാണ് ആണ് കസ്റ്റംസിന്റെ തീരുമാനം.
മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, സെക്രട്ടറി സി എം രവീന്ദ്രന്‍, മുന്‍ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ, മുന്‍മന്ത്രി കെടി ജലീൽ എന്നിവരുടേതക്കം പേരുകളാണ് സ്വപ്‌നയുടെ രഹസ്യമൊഴിയിലുള്ളത്. 2021ൽ ഇഡിക്ക് നൽകിയ മൊഴി രഹസ്യമൊഴിയുമായി ചേർത്തുവച്ചാണ് ഇഡി പരിശോധിച്ചത്. ഇവ രണ്ടും തമ്മിൽ നിരവധി സാമ്യങ്ങളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനീക്കങ്ങൾ.