ഒന്നരവര്‍ഷത്തില്‍ 10 ലക്ഷം നിയമനങ്ങള്‍ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍


ന്യൂഡല്‍ഹി: ഒന്നരവര്‍ഷത്തില്‍ 10 ലക്ഷം നിയമനങ്ങള്‍ നടത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.സര്‍ക്കാര്‍ സര്‍വീസില്‍ ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ നിയമനമായിരിക്കും ഇതെന്നാണ് വിവരം. അടുത്ത ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ കേന്ദ്രസര്‍വീസില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വിവിധ വകുപ്പുകളിലായിട്ടാണ് ഒഴിവുകളുള്ളത്. ഏതൊക്കെ വകുപ്പുകളിലാണ് നിയമനം നടത്തുകയെന്നു കേന്ദ്രം പിന്നീട് അറിയിക്കും.അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനകീയമായ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നത് പ്രതിപക്ഷത്തിന്‍റെ പ്രധാന പ്രചരണ ആയുധങ്ങളില്‍ ഒന്നാണ്. ഇതിനെ മറികടക്കുക എന്ന ഉദേശ്യവും സര്‍ക്കാരിനുണ്ട്.

സേനയില്‍ 'അഗ്നിവേർ' എന്ന പേരില്‍ ഇത്തരം ഒരു പദ്ധതി നടപ്പാക്കാനും നീക്കമുണ്ട്. പതിനേഴര വയസിനും ഇരുപത്തിയൊന്നു വയസിനും ഇടയിലുള്ളവര്‍ക്ക് സേനയില്‍ ഹ്രസ്വകാലത്തേക്ക് സേവനം അനുഷ്ഠിക്കാന്‍ അവസരമൊരുക്കും. ഓരോ വര്‍ഷവും 50000 പേരെ സേനയിലെടുക്കും.ആറുമാസം കൂടുമ്പോഴായിരിക്കും ഈ റിക്രൂട്ട്മെന്‍റ് നടക്കുക. ആറു മാസത്തെ പരിശീലനം നല്‍കും. മുപ്പതിനായിരം രൂപ തുടക്ക ശമ്പളത്തില്‍ നാലു വര്‍ഷം വരെ ഇവര്‍ക്ക് സേനയില്‍ തുടരാം. പിരിയുമ്പോള്‍ 10 മുതല്‍ 15 ലക്ഷം രൂപ വരെ ഇവര്‍ക്ക് നല്‍കാനാണ് ആലോചിക്കുന്നത്. ഇവര്‍ക്ക് പെന്‍ഷന്‍ ഉണ്ടാവില്ലെന്നാണ് വിവരം.

ഇന്ന് 12.30ന് മൂന്നു സൈനിക മേധാവികളും ഒന്നിച്ച് മാധ്യമങ്ങളെ കാണും. സൈന്യത്തിലെ ഹ്രസ്വകാല നിയമനം പ്രഖ്യാപിക്കുമെന്നാണ് വിവരം. സേനയിലെ ഹ്രസ്വകാല നിയമനം കൂടി ചേർത്താണ് 10 ലക്ഷം നിയമനങ്ങള്‍ എന്നാണ് നിഗമനം.

You might also like

Most Viewed