ഡോണ്‍ബാസ്: പിടിമുറുക്കി റഷ്യ


കീവ്: യുക്രെയ്നിലെ ഡോണ്‍ബാസ് മേഖല ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കി റഷ്യ. വ്യവസായ കേന്ദ്രമായ ഡോണ്‍ബാസിൽ തുടർച്ചയായ വ്യോമാക്രമണവും സൈനികനീക്കവും നടത്തി മുന്നേറ്റം സൃഷ്ടിക്കാനാണ് റഷ്യ ശ്രമിക്കുന്നത്.

അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്പോൾ ഡോണ്‍ബാസിന്‍റെ നിയന്ത്രണംപിടിക്കൽ യുദ്ധത്തിന്‍റെ ഗതി നിർണയിക്കുമെന്നാണു നിരീക്ഷകപക്ഷം. കാരണം, റഷ്യ ഡോണ്‍ബാസ് പിടിച്ചാൽ ഭൂമി നഷ്ടമാകുമെന്നു മാത്രമല്ല, യുക്രെയ്നിന്‍റെ സൈനിക മേധാവിത്വവും നഷ്ടപ്പെടും. ഇതു യുക്രെയ്നുമേൽ സമ്മർദം ശക്തിപ്പെടുത്താൻ റഷ്യയെ സഹായിക്കും. മറിച്ചായാൽ തിരിച്ചടി ശക്തിപ്പെടുത്തുന്നതിനു യുക്രെയ്നു കരുത്തുപകരുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

തുടക്കത്തിൽ കീവും ഖാർകീവും പിടിക്കാൻ ശ്രമിച്ച റഷ്യ തിരിച്ചടി ശക്തമായതോടെ ഡോണ്‍ബാസിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മൈനുകളും ഫാക്ടറികളും നിറഞ്ഞ ഈ മേഖലയിൽ 2014 മുതൽ റഷ്യയുടെ പിന്തുണയുള്ള വിമതർ പോരാട്ടം നടത്തുന്നുണ്ട്. തിരിച്ചടികളിൽനിന്നു പാഠം പഠിച്ച റഷ്യ ഡോണ്‍ബാസ് മേഖലയിൽ കരുതലോടെയാണു മുന്നേറുന്നത്. ഇവിടെ യുക്രെയ്ന് പ്രതിദിനം 100 മുതൽ 200 വരെ സൈനികരെ നഷ്ടപ്പെടുന്നുണ്ടെന്നു പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മിഖായലോ പൊഡോല്യക് പറഞ്ഞു. അണ്വായുധമൊഴികെ മറ്റെല്ലാ ആയുധങ്ങളും റഷ്യ ഈ മേഖലയിൽ പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യുദ്ധം സാന്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, ഡോണ്‍ബാസ് മേഖല പിടിച്ചെടുത്ത ശേഷം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ വിജയം പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. എന്നാൽ, കീവിലും മരിയുപോൾ ഉൾപ്പെടെയുള്ള അസോവ് തീരത്തും ഖേഴ്സണിലും റഷ്യ നേടിയ വിജയം യുക്രെയ്ൻ അംഗീകരിക്കാതെ പിന്നോട്ടില്ലെന്നു ക്രെംലിൻ വ്യക്തമാക്കുന്നു.

പിന്നാലെ, ഡൊണസ്റ്റക് മേഖലയിൽ യുക്രെയ്ൻ സൂക്ഷിച്ചിരുന്ന ആയുധങ്ങളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. ഇതിൽ ഒട്ടുമിക്കതും അമേരിക്കയോ യൂറോപ്പോ നൽകിയതാണെന്നാണു റഷ്യ പറയുന്നത്. അതേസമയം, യുക്രെയ്നു കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ആവശ്യപ്പെട്ടു പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി രംഗത്തെത്തി. അനിധിവേശം ആരംഭിച്ചശേഷം 2600 ക്രൂസ് മിസൈലുകൾ രാജ്യത്തു പതിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

You might also like

Most Viewed