വിദ്വേഷ പരാമർശം; ഉവൈസിക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്


ന്യൂഡല്‍ഹി: എഐഎംഐഎം പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കേസെടുത്തത്. സ്വാമി യതി നര്‍സിംഗാന്ദന്റെ പേരും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നുണ്ട്. മുന്‍ ബിജെപി വക്താവ് നുപുര്‍ ശര്‍മക്കെതിരെയും ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ കൂടാതെ മുന്‍ ബിജെപി വക്താവ് നവീന്‍ ജിന്‍ഡല്‍, മാധ്യമപ്രവര്‍ത്തകന്‍ സവ നക്‌വി എന്നിവര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്.

വിദ്വേഷ പരാമര്‍ശത്തില്‍ രണ്ട് എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്ന് നുപുര്‍ ശര്‍മക്കെതിരെയും രണ്ടാമത്തേത് സവ നക്‌വീ, മൗലാന മുഫ്തി, നദീം, അബ്ദുള്‍ റഹ്മാന്‍, ഗുല്‍സാര്‍ അന്‍സാരി, അനില്‍ കുമാര്‍ മീണ, എന്നിവര്‍ക്കെതിരെയുമാണ്. നുപുര്‍ ശര്‍മക്കെതിരെ 153, 395 505 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കാലാപം ഉണ്ടാക്കാനുള്ള ശ്രമം, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ അറബ് രാജ്യങ്ങളുടെ കടുത്ത വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ബിജെപി മുന്‍ വക്താവിനെതിരെ വീ ണ്ടും കേസെടുത്തിരിക്കുന്നത്. ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമ്മയുടെ അപകീർത്തികരമായ പരാമർശം. ഇസ്ലാം മതഗ്രന്ഥങ്ങളിൽ ആളുകൾക്ക് കളിയാക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു നുപുർ ശർമ്മയുടെ പരാമർശം. മുസ്ലിങ്ങൾ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുർ ശർമ്മ ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ നുപുർ ശർമ്മ മാപ്പ് പറഞ്ഞു. പരാമർശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ നിരുപാധികമായി പിൻവലിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഖേദപ്രകടനത്തിൽ നുപുർ ശർമ്മ പറഞ്ഞു. വിവാദ പരാമർശത്തിന് പിന്നാലെ നുപുർ ശർമ്മയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമ്മയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു.

You might also like

Most Viewed