ട്വീറ്റുകൾ അസഹ്യമാകുന്നു; ഗവർണറെ ബ്ലോക്ക് ചെയ്ത് മമത ബാനർജി

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ധങ്കറും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. ഗവർണർ നിരന്തരം സർക്കാരിനെ വിമർശിച്ച് ട്വീറ്റുകളിടുന്നതാണ് മമത ബാനർജി ഇതിന് കാരണമായി പറയുന്നത്. 'രാവും പകലും അദ്ദേഹം ട്വീറ്റുകളിലൂടെ ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയും ആക്രമിക്കുകയുമാണ്. അദ്ദേഹം ഏറ്റവും ഉന്നതനും ഞങ്ങൾ കെട്ടിയിട്ട വേലക്കാരെയും പോലെ. എനിക്കിത് വയ്യ. ഇന്ന് ഞാനദ്ദേഹത്തെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു,∍ മമത ബാനർജിയുടെ പ്രസ്താവനയിൽ പറയുന്നു.
ഗവർണർ പെഗാസസിലൂടെ ഔദ്യോഗിക ഫോൺ വിവരങ്ങൾ ചോർത്തുകയാണെന്നും ബംഗാൾ ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഭീഷണിപ്പെടുത്തുകയാണെന്നും മമത ബാനർജി ആരോപിച്ചു. ഒരു വർഷമായി ഇത് സഹിക്കുകയാണ്. ഒരുപാട് ഫയലുകൾ ഗവർണർ ഒപ്പുവെക്കാതെ കെട്ടി കിടക്കുകയാണ്. ഗവർണർക്കെതിരെ പ്രധാനമന്ത്രിക്ക് നിരന്തരം കത്തുകൾ താനയച്ചിരുന്നെന്നും മമത ബാനർജി പറഞ്ഞു. ഇതിനിടെ മമത ബാനർജിക്ക് താനയച്ച വാട്സ്ആപ്പ് സന്ദേശം ഗവർണർ ട്വിറ്ററിലൂടെ പങ്കുവെച്ചു. ∍ഭരണഘടനാ ഉദ്യോഗസ്ഥർ തമ്മിലുള്ള സംവാദവും യോജിപ്പും ജനാധിപത്യത്തിന്റെ സത്തയും ആത്മാവും ഭരണഘടനയുടെ കൽപ്പനയുമാണ്. പരസ്പര സ്നേഹത്തോടെയും ഇത് പൂവണിയാൻ കഴിയും. ഇതിന് നിങ്ങളുടെ ചിന്തനീയമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പാണ്.’ ഗവർണർ അയച്ച വാട്സ്ആപ്പ് സന്ദേശത്തിൽ പറയുന്നു.