അമേരിക്കൻ പ്രസിഡന്റിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി; രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ


അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ രണ്ട് പേരെ അറസ്റ്റ് ചെയ്ത് എഫ്ബിഐ. മേരിലാൻഡിലെ ഹാലെതോർപ്പിൽ റയാൻ മാത്യു കോൺലോൺ (37) കൻസാസ് സ്വദേശിയായ സ്കോട് റയാൻ മെറിമാൻ, (37) എന്നിവരെയാണ് എഫ്ബിഐ അറസ്റ്റ് ചെയ്തത്. ഇരുവരും ജോ ബൈഡനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത് രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലാണ്.

റയാൻ മാത്യു കോൺലോണ് എതിരെ ദേശീയ സുരക്ഷാ ഏജൻസിയുടെ ആസ്ഥാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. പ്രസിഡന്റിനെ വധിക്കാൻ വൈറ്റ് ഹൗസിൽ ബോംബ് വെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി എൻഎസ്എയ്ക്കും എഫ്ബിഐയ്ക്കും തുടരെത്തുടരെ സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് ഇയാളെ എഫ്ബിഐ അറസ്റ്റ് ചെയ്തത്.

‘രാജ്യത്തിന്റെ ഹൃദയഭാഗത്തുള്ള സർപ്പത്തിന്റെ തല വെട്ടിമാറ്റുന്നതിനായി വാഷിംഗ്ടണിലേക്ക് പോകാൻ’ ദൈവം തന്നോട് ആവശ്യപ്പെട്ടുവെന്നും അത് കൊണ്ടാണ് പ്രസിഡന്റിനെ കാണാൻ പോകാൻ താൻ തീരുമാനിച്ചതെന്നും ചോദ്യം ചെയ്യലിൽ സ്കോട് റയാൻ മെറിമാൻ എഫ്ബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാളുടെ മൊഴിയിൽ നിന്നും അമേരിക്കൻ പ്രസിഡന്റിനെ കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വ്യക്തമാണെന്ന് എഫ്ബിഐ ഉദ്യോഗസ്ഥർ അറിയിച്ചു. മെറിമാന്റെ കയ്യിൽ നിന്നും ആയുധങ്ങൾ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ല. എന്നാൽ, പരിശോധനയ്ക്കിടെ ഇയാളുടെ ബാഗിൽ നിന്നും വെടിമരുന്നും മറ്റും എഫ്ബിഐ കണ്ടെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed