ഗോവിന്ദ് പൻസാരെ വധക്കേസിലെ മുഖ്യപ്രതി സമീർ വിഷ്ണു ഗെയ്ക് വാദ് ഹൃദയാഘാതം മൂലം മരിച്ചു


ശാരിക / മുംബൈ

പ്രശസ്ത ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായിരുന്ന ഗോവിന്ദ് പൻസാരെ വധക്കേസിലെ മുഖ്യപ്രതിയും തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുടെ പ്രവർത്തകനുമായ സമീർ വിഷ്ണു ഗെയ്ക് വാദ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ല സ്വദേശിയായ ഇദ്ദേഹത്തിന് ചൊവ്വാഴ്ച അർധരാത്രിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികതയില്ലെന്നും സ്വാഭാവിക മരണമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൻസാരെ കൊലപാതക കേസ് പിൻവലിക്കാനുള്ള അപേക്ഷ നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യപ്രതിയുടെ ഈ വിയോഗം.

അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന ഗോവിന്ദ് പൻസാരെ 2015 ഫെബ്രുവരി 16-നാണ് കോലാപൂരിൽ വെച്ച് കൊല്ലപ്പെടുന്നത്. കോലാപൂരിലെ വീടിന് സമീപം പ്രഭാത സവാരി നടത്തുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പൻസാരെക്കും ഭാര്യക്കും നേരെ വെടിതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഫെബ്രുവരി 20-നാണ് അദ്ദേഹം അന്തരിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിൽ 2015 സെപ്റ്റംബറിലാണ് അന്ന് 43 വയസ്സുകാരനായിരുന്ന സമീർ വിഷ്ണു ഗെയ്ക് വാദ് പിടിയിലാകുന്നത്. 2017 മുതൽ ഇയാൾ ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു.

ആദ്യം രാജാറാംപൂരി പൊലീസ് അന്വേഷിച്ച ഈ കേസ് പിന്നീട് ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കൈമാറുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ 12 പേരുടെ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയ പ്രത്യേക അന്വേഷണ സംഘം സമീർ വിഷ്ണു ഗെയ്ക് വാദ് ഉൾപ്പെടെ പത്തോളം പേരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

article-image

ssgtr

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed