സുരക്ഷാ ഭീഷണി; ബംഗ്ലാദേശിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ കേന്ദ്ര സർക്കാർ തിരിച്ചവിളിക്കുന്നു
ശാരിക / ന്യൂഡൽഹി
ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യം മോശമാകുന്ന പശ്ചാത്തലത്തിൽ, അവിടെ വിവിധ നയതന്ത്ര കേന്ദ്രങ്ങളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും അടിയന്തരമായി തിരികെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി ഒരു മുൻകരുതൽ നടപടിയായാണ് ഈ തീരുമാനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലും, കൂടാതെ ചട്ടോഗ്രാം, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലെ മറ്റ് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് മടങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ തിരിച്ചയക്കുമെങ്കിലും ഹൈക്കമ്മീഷന്റെ പ്രവർത്തനങ്ങൾ ബംഗ്ലാദേശിൽ തുടർന്നും നടക്കും. ബംഗ്ലാദേശിൽ സമീപകാലത്തായി തീവ്രവാദ പ്രവർത്തനങ്ങൾ വർധിക്കുന്നതും, തീവ്രവാദി-റാഡിക്കൽ ഘടകങ്ങളിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കുന്നതുമാണ് ഇത്തരമൊരു അടിയന്തര നീക്കത്തിലേക്ക് കേന്ദ്ര സർക്കാരിനെ നയിച്ചത്.
ബംഗ്ലാദേശിൽ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരം ഏറ്റെടുത്തതിന് പിന്നാലെയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പിരിമുറുക്കം രൂക്ഷമായത്. അവിടെയുള്ള ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യ ഇതിനോടകം തന്നെ ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 12-ന് ബംഗ്ലാദേശിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ഈ സുപ്രധാന സുരക്ഷാ നടപടി.
sdfsf


