മകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ 41−കാരിയെ വെറുതെ വിട്ട് തമിഴ്നാട് പോലീസ്

പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ സ്ത്രീയ്‌ക്കെതിരെ കൊലപാതകത്തിന് കേസെടുക്കാതെ തമിഴ്‌നാട് പോലീസ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 100 പ്രകാരമാണ് പ്രതിയായ സ്ത്രീയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചത്. ജീവന് ഭീഷണിയുണ്ടാകുന്ന സാഹചര്യത്തിൽ ഒരാൾക്ക് തന്റെ ശരീരം സംരക്ഷിക്കാനുള്ള അവകാശമാണ് സെക്ഷൻ 100ൽ പരാമർശിക്കുന്നത്.
20−കാരിയായ മകളുടെയും ഭർത്താവിന്റെയും കൂടെയാണ് 41−കാരിയായ പ്രതി താമസിച്ചിരുന്നത്. സ്ഥിരം മദ്യപാനിയായ ഭർത്താവ് നിരന്തരമായി ഭാര്യയെ ചൂഷണം ചെയ്യുകയും മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഭർത്താവ് വീട്ടിലെത്തി മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ ഭാര്യയെയും അയാൾ ആക്രമിച്ചു. തന്നെയും മകളെയും ക്രൂരമായി ആക്രമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഭാര്യ ചുറ്റികയെടുത്ത് ഭർത്താവിന്റെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ഇവർ അയൽവീട്ടുകാരെ വിവരമറിയിച്ചു. സമീപവാസികൾ പോലീസുമായി ബന്ധപ്പെടുകയും ചോദ്യം ചെയ്യലിനായി സ്ത്രീയെയും മകളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയ പോലീസ് സ്ത്രീയെ വെറുതെ വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.