പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവം സുപ്രീംകോടതിയിലേക്ക്


ബിജെപി കോൺഗ്രസ് രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുന്നതിനിടെ പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച നിയമ പോരാട്ടത്തിലേക്ക്. വിഷയം ഗൗരവമുള്ളതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് നൽകാനും കോടതി നിർദേശം.

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ കോൺഗ്രസ് ബിജെപി രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് വിഷയം സുപ്രീം കോടതിയിലും എത്തിയത്.സുരക്ഷാ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിഷയം ഗൗരവമുള്ളതെന്ന് നീരീക്ഷിച്ച ജസ്റ്റിസ് എൻ.വി രമണ ഹർജിയുടെ പകർപ്പ് കേന്ദ്ര സർക്കാരിനും, പഞ്ചാബ് സർക്കാരിനും നൽകാൻ നിർദേശിച്ചു. ഹർജി നാളെ കോടതി പരിഗണിക്കും.

അതിനിടെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണ സമിതിയെയും നിയമിച്ചിട്ടുണ്ട്. റിട്ടയേഡ് ജസ്റ്റിസ് മെഹ്താബ് സിംഗ് ഗിൽ, ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി, ജസ്റ്റിസ് അനുരാഗ് വർമ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സുരക്ഷ വീഴ്ചയിൽ സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്.സുരക്ഷാവീഴ്ചയിൽ കേന്ദ്രസർക്കാരിനും ബിജെപിക്കും പുറമെ മുൻ പിസിസി അധ്യക്ഷനും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ തലവനുമായ സുനിൽ ജക്കാറും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സുരക്ഷാ വീഴ്ചയില്ലെന്നും പരിപാടികൾ റദ്ദാക്കി മടങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതായിരുന്നു എന്നുമാണ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പ്രതികരിച്ചത്.

You might also like

Most Viewed