വാക്‌സിൻ സ്വീകരിച്ചില്ല; നൊവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു

കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് ടെന്നീസ് താരം നൊവാക്ക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയ വിസ നിഷേധിച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിന് വേണ്ടിയാണ് താരം ഓസ്‌ട്രേലിയയിൽ എത്തിയത്. വാക്‌സിൻ സ്വീകരിക്കാത്തതിനെ തുടർന്ന് 15 മണിക്കൂറോളം താരത്തെ വിമാനത്താവളത്തിൽ തടഞ്ഞ് വെക്കുകയും ചെയ്തു.
ഈ മാസം 17 മുതലാണ് ഓസ്‌ട്രേലിയൻ ഓപ്പണിന് തുടക്കമാകുന്നത്. ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സിനും എടുക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്. അതെ സമയം ആരോഗ്യ പ്രശ്‍നങ്ങൾ മൂലം വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്ക് ഇളവ് നൽകുമെന്നും അറിയിച്ചിരുന്നു.
വാക്‌സിൻ ഡോസുകൾ മുഴുവൻ എടുത്തിട്ടില്ലെങ്കിലും ടൂർണമെന്റിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയൻ ഓപ്പൺ അധികൃതർ ഇളവ് നൽകിയെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചാണ് താരം വിമാനം കയറിയത്. എന്നാൽ മെൽബണിലെത്തിയപ്പോൾ പ്രവേശനം നിഷേധിക്കപ്പെട്ടു. കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത് മുതൽ ലോക്ഡൗൺ അടക്കം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് ഓസ്‌ട്രേലിയ. ജോക്കോയ്ക്ക് ഇളവ് അനുവദിക്കുന്നതിനെതിരെ ഓസ്‌ട്രേലിയയിൽ തന്നെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു.
വിമാനം ഇറങ്ങിയ ജോക്കോയോട് വാക്‌സിന്‍ ഡോസുകൾ പൂർണമായി എടുത്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വാക്‌സിൻ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങൾ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാൻ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.
അതേസമയം, താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെർബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണിൽ സംസാരിച്ച സെർബിയൻ പ്രസിഡന്റ് രാജ്യം മുഴുവൻ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ജോക്കോവിച്ചിന്റെ അഭിഭാഷകൻ അറിയിച്ചു. ജനുവരി 17−നാണ് ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരങ്ങൾ ആരംഭിക്കുന്നത്. ജോക്കോയ്ക്ക് പ്രത്യേക പരിഗണന ഒന്നും നൽകിയിട്ടില്ലെന്ന് ടൂർണമെന്റ് മേധാവി പറഞ്ഞു. കൃത്യമായ കാരണമില്ലാതെ ആർക്കും ഇളവ് നൽകിയില്ലെന്നും അദ്ദേഹം അറിയിച്ചു. 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ താരമാണ് ജോക്കോവിച്ച്.
നിയമം എല്ലാവർക്കും ബാധകമാണെന്നായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം. ‘നിയമം നിയമം തന്നെയാണ്. ആരും നിയമത്തിന് അതീതരല്ല’ −പ്രധാനമന്ത്രി പറഞ്ഞു. ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് ഒരു ദിവസം മുന്പ് തന്നെ പ്രസിഡന്റ് മോറിസൺ മുന്നറിയിപ്പ് നൽകിയിരുന്നു.