ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജിപിക്ക് വൻ ഭൂരിപക്ഷം

അഗർത്തല: ത്രിപുരയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 334 സീറ്റിൽ 329 സീറ്റും ബിജെപിക്ക്. വോട്ടുവിഹിതത്തിൽ സിപിഐഎമ്മിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് പ്രധാന പ്രതിപക്ഷമായി. ഇരുപത് ശതമാനം വോട്ട് നേടിയ തൃണമൂൽ കോൺഗ്രസ് സിപിഎമ്മിനെയും കോൺഗ്രസിനെയും കടത്തിവെട്ടി പ്രധാന പ്രതിപക്ഷമായി.
ബിജെപിക്കും, തൃണമൂൽ കോൺഗ്രസിനും ഇടയിൽ വാക്പോർ നടന്ന തെരഞ്ഞെടുപ്പിനൊടുവിൽ ബിജെപിക്ക് വിജയം ലഭിക്കുകയായിരുന്നു. മുഖ്യമന്ത്രി ബിപ്ലവ് ദേവിന്റെ നേതൃത്വത്തിൽ മുഴുവൻ സീറ്റിലേക്കും മത്സരിച്ച ബിജെപി 112 സീറ്റുകളിലേക്ക് എതിരില്ലാതെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാക്കിയുള്ള 222 ഇടങ്ങളിൽ 217 ഇടത്തും ബിജെപിയുടെ സ്ഥാനാർത്ഥികൾ വിജയിച്ചു.
അഗർത്തല മുൻസിപ്പൽ കോർപ്പറേഷനിലെ 51 സീറ്റും ബിജെപി നേടി. ധർമനഗർ മുൻസിപ്പൽ കൗൺസിൽ, തെലിയാമുറ മുൻസിപ്പൽ കൗൺസിൽ, അമർപൂർ പഞ്ചായത്ത്, കോവൈ മുൻസിപ്പൽ കൗൺസിൽ, ബെലോണിയ മുൻസിപ്പൽ കൗൺസിൽ തുടങ്ങിയ ഇടത്തെല്ലാം മുഴുവൻ സീറ്റും ബിജെപി തൂത്തുവാരി.
ത്രിപുരയിലെ വിജയം ഒരു തുടക്കം മാത്രമാണ് എന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. ഇതിലും അപമാനകരമായ തോൽവികൾ മമതാ ബാനർജിയെ ബംഗാളിലും കാത്തരിക്കുന്നുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു.