മുല്ലപ്പെരിയാര്‍ വിഷയത്തിൽ തമിഴ്നാട്ടിലും പ്രതിഷേധം കനക്കുന്നു



ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. പുതിയ അണക്കെട്ട് വേണ്ടെന്നും ബേബി ഡാം ശക്തിപ്പെടുത്തിയാല്‍ മതിയെന്നുമുള്ള പ്രഖ്യാപിത നിലപാട് ഉയര്‍ത്തിയാണ് തമിഴ്നാട്ടില്‍ പ്രതിപക്ഷ പ്രതിഷേധം. ജലനിരപ്പ് 142 ആക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാഡിഎംകെ സംസ്ഥാനവ്യാപക പ്രതിഷേധം തുടങ്ങി.
തമിഴ്നാടിന്‍റെ അവകാശം വിട്ടുകൊടുക്കരുതെന്നും ശക്തമായി പ്രതികരിക്കണമെന്നും ഒ പനീര്‍സെല്‍വം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തേനി മധുര ശിവഗംഗ അടക്കം കാര്‍ഷിക മേഖലകളിലാണ് പ്രതിഷേധ ധര്‍ണ്ണ. 138 അടിയെത്തിയപ്പോള്‍ ഡാം തുറന്ന് വിട്ടത് കര്‍ഷകരോടുള്ള വഞ്ചനയെന്നാണ് അണ്ണാഡിഎംകെയുടെ ആരോപണം. കേരളവുമായി സ്റ്റാലിന്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച അണ്ണാഡിഎംകെ, പ്രതിഷേധ വേദിയില്‍ കേരള സര്‍ക്കാരിന് എതിരെയും മുദ്രാവാക്യങ്ങളുയര്‍ത്തി.
ജയലളിത നിയമപോരാട്ടം അട്ടിമറിക്കാനാണ് ഡിഎംകെ നീക്കമെന്നാണ് പ്രതിപക്ഷ വാദം. ബിജെപി തമിഴ്നാട് ഘടകവും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു. ജലനിരപ്പ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ബിജെപി തീരുമാനിച്ചു.സിപിഎമ്മുമായി സ്റ്റാലിന്‍ ഒത്തുകളിക്കുന്നുവെന്ന് ചൂണ്ടികാട്ടി തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തും. എന്നാല്‍ പ്രതിപക്ഷത്തിന്‍റേത് വിലകുറഞ്ഞ രാഷ്ട്രീയ നീക്കമെന്ന നിലപാടിലാണ് തമിഴ്നാട് സര്‍ക്കാര്‍.

You might also like

Most Viewed