ഹരിയാനയിൽ വാഹനാപകടം: ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു

ചണ്ഡിഗഡ്: ഹരിയാനയിലെ ജാജർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ എട്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ട്. എല്ലാവരും ഉത്തർപ്രദേശ് സ്വദേശികളാണ്. ജാജർ ജില്ലയിലെ ബാഡ്ലി നഗരത്തിന് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡ് വശത്ത് നിർത്തിയിട്ടിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പടെ 11 പേർ കാറിലുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശികളായ കാർ യാത്രികർ രാജസ്ഥാനിൽ ക്ഷേത്രദർശനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. എട്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് പോലീസ് അറിയിച്ചത്. ട്രക്ക് ഡ്രൈവർക്കെതിരേ അലക്ഷ്യമായി വാഹനം ഓടിച്ചതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.