മുംബൈയിൽ ആഡംബര ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ ആഡംബര ബഹുനില ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തീപിടിത്തത്തിൽ നിന്നും രക്ഷപെടാൻ കെട്ടിടത്തിൽ നിന്നും താഴേയ്ക്ക് ചാടിയ ആളാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരിച്ചത്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ഫയർഫോഴ്സും പോലീസും തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.
ഉച്ചയോടെയാണ് 64 നില കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന്‍റെ 19-ാം നിലയിലാണ് ആദ്യം തീപിടിച്ചത്. പിന്നാലെ 20-ാം നിലയിലേക്കും തീപടരുകയായിരുന്നു. ആദ്യ ഏഴ് നിലകളിലും പാർക്കിംഗ് സൗകര്യമുള്ള കെട്ടിടത്തിന്‍റെ ശേഷിക്കുന്ന ഭാഗത്താണ് ആളുകൾ താമസിക്കുന്നത്. തീപടർന്ന 19-ാം നിലയുടെ മുകളിലേക്ക് നിരവധി പേർ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. വലിയതോതിൽ പ്രദേശത്ത് പുക പടരുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്‍റെ കാരണം അറിവായിട്ടില്ല. മുംബൈ മേയർ കിഷോരി പെഡ്നേക്കർ ഉൾപ്പടെ നിരവധി പ്രമുഖർ സ്ഥലത്ത് എത്തിയിട്ടുണ്ട്.