വിദേശത്ത് നിന്ന് കോവിഡ് വാക്സിൻ വാങ്ങാൻ നീക്കവുമായി സംസ്ഥാനങ്ങൾ


 

വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങളുടെ ശ്രമം. ഡൽഹി, കർണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്സീൻ വാങ്ങാനാണ് ശ്രമം. വാക്സീൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് അനുകൂലമാകുമെന്നാണ് കണക്ക് കൂട്ടൽ. പത്തോളം സംസ്ഥാനങ്ങൾ വാക്സീൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തിൽ തന്നെ വാക്സീനുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ചില സമ്പന്ന രാജ്യങ്ങൾ ആകെ ജനസംഖ്യയെ മൂന്ന് തവണ വരെ വാക്സീനേറ്റ് ചെയ്യാനാവശ്യമായത്ര വാക്സീൻ വാങ്ങിക്കഴിഞ്ഞു.
ഇമ്പോർട്ട് ചെയ്യുന്ന വാക്സീന് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകണമെന്നതും കടമ്പയാണ്. നിലവിൽ ഭാരത് ബയോടെക്കിന്റെ കൊവാക്സീനും, സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിനും റഷ്യയുടെ സ്പുട്നിക്ക് വാക്സീനുമാണ് രാജ്യത്ത് അനുമതിയുള്ളത്. കർണാടക, ഉത്തരാഖണ്ഡ്, ഡൽഹി, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ആഗോള ടെൻഡർ വിളിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഒഡീഷ എന്നീ സംസ്ഥാനങ്ങളും പുറത്ത് നിന്ന് വാക്സീൻ വാങ്ങുന്നതിന് താൽപര്യം അറിയിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed