ബിഹാറിൽ മാത്രമല്ല എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യ കോവിഡ് വാക്സിന് അവകാശമുണ്ട്

ന്യൂഡൽഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് വാക്‌സിന്‍ തയ്യാറായി കഴിഞ്ഞാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും സൗജന്യമായി നല്‍കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
‘മുഴുവന്‍ രാജ്യത്തിനും സൗജന്യമായി വാക്‌സിന്‍ ലഭിക്കണം. എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്.’ അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി ശാസ്ത്രി പാര്‍ക്കിലെ ഫ്‌ളൈ ഓവര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്ന് കെജ്‌രിവാള്‍ ചോദിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നാണ് ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. കൊറോണ വൈറസ് വാക്സിന്‍ വലിയതോതില്‍ ലഭ്യമാകുമ്പോള്‍, ബീഹാറിലെ ഓരോ വ്യക്തിക്കും സൗജന്യ വാക്സിനേഷന്‍ ലഭിക്കുമെന്നാണ് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്.