രാജ്യത്തെ ഡോക്‌ടർമാർക്ക് സമയത്തിന് ശന്പളം ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ ഡോക്‌ടർമാർക്ക് സമയത്തിന് ശന്പളം ഉറപ്പാക്കാൻ നടപടി എടുക്കണമെന്ന് കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ത്രിപുര സംസ്ഥാനങ്ങൾ ഡോക്ടർമാർക്ക് സമയത്തിന് ശന്പളം കൊടുക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ശന്പളം കൊടുക്കാതിരിക്കാൻ നിർബന്ധമായി ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിലാക്കുകയാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. ഇതേത്തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ക്വാറന്റീൻ കാലാവധി അവധിയായി കണക്കാക്കരുതെന്നും കോടതി വ്യക്തമാക്കി.
ആരോഗ്യപ്രവർത്തർക്ക് ശന്പളം ഉറപ്പാക്കാനുള്ള നിർദേശം കേന്ദ്രം പുറത്തിറക്കണം. അത് സംസ്ഥാനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അതിനെതിരെ വേണ്ട നടപടി എടുക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളും ഉത്തരവുകളും പാലിക്കാൻ സംസ്ഥാനങ്ങൾ തയ്യാറല്ലെങ്കിൽ നിങ്ങൾ നിസഹായരല്ല. നിങ്ങളുടെ ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് നിങ്ങൾ ഉറപ്പുവരുത്തണം. ദുരന്തനിവാരണ നിയമപ്രകാരം നിങ്ങൾക്ക് അതിനുള്ള അധികാരമുണ്ട്. ആവശ്യമായ നടപടികളെടുക്കാമെന്നും കോടതി നിർദേശിച്ചു. എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും സമയത്തിന് തന്നെ ശന്പളം നൽകണമെന്ന് കാട്ടി 24 മണിക്കൂറിനുള്ളിൽ ഉത്തരവിറക്കാൻ ജൂൺ 17ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കേന്ദ്രം ജൂൺ 18ന് ഉത്തരവിറക്കിയെന്നും നാല് സംസ്ഥാനങ്ങളൊഴികെ മറ്റെല്ലാവരും അതനുസരിച്ച് നടപടിയെടുത്തെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി, എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം നിർദേശിച്ചത്.