കൊവിഡ് പ്രതിരോധം: കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ഭയ്യ ടോപ്പെ. ഇത്രയധികം കൊവിഡ് കേസുകൾ ഉണ്ടായിരുന്നിട്ടും കേരളത്തിൽ മരണസംഖ്യ കുറയ്ക്കാനും മികച്ച ക്വാറന്റീൻ സംവിധാനത്തോടെ നിയന്ത്രണ വിധേയമാക്കാനും സാധിച്ചത് അഭിനന്ദനാർഹമാണെന്നും പ്ലാസ്മ ചികിത്സയിലുൾപ്പെടെ കേരളത്തിന് മുന്നേറാനായത് പ്രശംസനീയമാണെന്നും രാജേഷ് ഭയ്യ ടോപ്പ് വ്യക്തമാക്കി. കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് രാജേഷ് ഭയ്യ ടോപ്പെ ഇക്കാര്യം വ്യക്തമാക്കിയത്.
കേരളം വിജയകരമായി നടപ്പിലാക്കിയ സ്റ്റാന്റേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ, ഗൈഡ് ലൈൻസ്, ചികിത്സ, പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ളവ കാര്യങ്ങളെപ്പറ്റി അദ്ദേഹം കേരളത്തിന്റെ ആരോഗ്യമന്ത്രിയോട് വിശദമായി ചോദിച്ച് മനസിലാക്കി. ഇതുകൂടാതെ ആശുപത്രി പ്രവർത്തനങ്ങൾ, ഗവേഷണം, പ്രതിരോധ സംവിധാനങ്ങൾ, ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാർഗങ്ങൾ, ലോക് ഡൗൺ എന്നീ കാര്യങ്ങളെക്കുറിച്ചും വീഡിയോ കോൺഫറൻസിൽ ഇരുവരും ചർച്ച ചെയ്തു.