ശുഭാൻഷു ശുക്ലയ്ക്ക് അശോകചക്ര
ശാരിക l ദേശീയം l ന്യൂഡൽഹി
ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്ക് രാജ്യത്തിന്റെ പരമോന്നത സമാധാനകാല ബഹുമതിയായ അശോകചക്ര സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. കർത്തവ്യ പഥിൽ നടന്ന 77-ാമത് റിപ്പബ്ലിക് ദിനാഘോഷ വേളയിലാണ് അദ്ദേഹം ഈ ആദരം ഏറ്റുവാങ്ങിയത്. ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാൻഷു ശുക്ല, ദൗത്യത്തിനിടയിൽ പ്രകടിപ്പിച്ച അസാധാരണമായ ധൈര്യം, ദ്രുതഗതിയിലുള്ള തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ്, ദൗത്യത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് ഈ പുരസ്കാരത്തിന് അർഹനായത്.
ബഹിരാകാശ നിലയത്തിലെ താമസത്തിനിടയിൽ ശ്രദ്ധേയമായ നിരവധി ഗവേഷണങ്ങൾക്കും കാർഷിക പരീക്ഷണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. ബഹിരാകാശത്ത് വിജയകരമായി ഉലുവയും ചെറുപയറും കൃഷി ചെയ്ത അദ്ദേഹത്തിന്റെ പരീക്ഷണം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. ശുഭാൻഷു ശുക്ലയുടെ ഈ ചരിത്രയാത്ര ഭാവി തലമുറകൾക്ക് വലിയ പ്രചോദനമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നു.
sczcv


