ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഇന്ത്യൻ പൗരത്വമുള്ള ഗർഭിണിയെയും മകനെയും തിരികെ എത്തിച്ചു
ഷീബ വിജയ൯
കൊൽക്കത്ത: അനധികൃത കുടിയേറ്റക്കാരിയാക്കി ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യൻ പൗരത്വമുള്ള ഗർഭിണിയെയും എട്ട് വയസ്സുള്ള മകനെയും തിരികെ എത്തിച്ചു. സൊനാലി ഖാത്തൂൺ (26), മകൻ എന്നിവരാണ് വെള്ളിയാഴ്ച പശ്ചിമ ബംഗാളിലെ മാൾഡയിൽ മടങ്ങിയെത്തിയത്. സുപ്രീംകോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് അധികൃതർ ഇവരെ തിരികെ എത്തിച്ചത്. അഞ്ച് മാസം മുമ്പാണ് ഡൽഹി പോലീസ് സൊനാലിയെയും ഭർത്താവ് ദാനിഷ് ഷേഖിനെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. എന്നാൽ, അവിടെയെത്തിയ ഇവരെ ബംഗ്ലാദേശ് അധികൃതർ ജയിലിലാക്കുകയായിരുന്നു. സൊനാലി വിഷയത്തിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, യുവതിയെയും മകനെയും രാജ്യത്ത് തിരികെ എത്തിക്കാൻ കേന്ദ്ര സർക്കാറിനോട് നിർദേശിച്ചു. സൊനാലിയുടെ പിതാവിന്റെ ഇന്ത്യൻ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാൽ, സൊനാലിക്കും കുട്ടിക്കും ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് ബംഗ്ലാദേശി എന്ന് മുദ്രകുത്തുന്നതെന്ന് ചോദിച്ച് കേന്ദ്രസർക്കാർ നടപടിക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
dfdfdgh
