ബഹ്‌റൈനിൽ കോടതി നടപടികൾ പുനരാരംഭിച്ചു; തടവുകാർക്ക് വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാകാം


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സുരക്ഷാ സാഹചര്യം പരിഗണിച്ച്, തടവിൽ കഴിയുന്ന പ്രതികൾക്ക് വീഡിയോ കോൺഫറൻസിംഗ് വഴി കോടതിയിൽ ഹാജരാകാൻ സൗകര്യമൊരുക്കി ബഹ്‌റൈൻ നീതിന്യായ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജൗ ജയിലിൽ (Jaw Prison) കഴിയുന്ന പ്രതികൾ ഇന്നലെ ഹൈ ക്രിമിനൽ അപ്പീൽ കോടതിയിൽ വീഡിയോ ലിങ്ക് വഴി ഹാജരായി.

ഇറാനിയൻ ആക്രമണത്തെത്തുടർന്നുള്ള അടിയന്തര സാഹചര്യം ഒമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് നീതിന്യായ വ്യവസ്ഥയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരമൊരു തീരുമാനം എടുത്തത്. വരും ദിവസങ്ങളിൽ റിമാൻഡ് തടവുകാർക്കും ഈ സൗകര്യം ലഭ്യമാക്കും. അതേസമയം, ജഡ്ജിമാരും അഭിഭാഷകരും കോടതിയിൽ നേരിട്ട് ഹാജരാകുന്നത് തുടരും. തടവിലല്ലാത്ത പ്രതികൾക്കും കോടതിയിൽ നേരിട്ടെത്തി വാദങ്ങളിൽ പങ്കെടുക്കാവുന്നതാണ്.

സുരക്ഷാ കാരണങ്ങളാൽ ഒരാഴ്ചയായി നിർത്തിവെച്ചിരുന്ന കോടതി നടപടികൾ പുനരാരംഭിച്ച പശ്ചാത്തലത്തിൽ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് പ്രസിഡന്റും കാസേഷൻ കോടതി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ, നീതിന്യായ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മആവ്ദ എന്നിവരുടെ നേതൃത്വത്തിൽ കോടതികളുടെ പ്രവർത്തനം വിലയിരുത്തി.

ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി നീതിന്യായ സേവനങ്ങൾ കാര്യക്ഷമമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. യുദ്ധസാഹചര്യത്തിലും അഭിഭാഷകരുടെയും കക്ഷികളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനും കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഈ നടപടികൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കോടതി നടപടികൾ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉന്നത ഉദ്യോഗസ്ഥർ നിരന്തരമായ നിരീക്ഷണം നടത്തിവരികയാണ്.

article-image

്േിേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed