സിത്രയിൽ ഇറാന്റെ ഡ്രോൺ ആക്രമണം: കുഞ്ഞുങ്ങളടക്കം 32 പേർക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ഇന്ന് പുലർച്ചെ ബഹ്‌റൈനിലെ സിത്ര മേഖലയിലുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ 32 സാധാരണക്കാർക്ക് പരിക്കേറ്റതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റവരെല്ലാം ബഹ്‌റൈൻ പൗരന്മാരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിക്കേറ്റവരിൽ 17 വയസ്സുള്ള പെൺകുട്ടിയുടെ തലയ്ക്കും കണ്ണിനും മാരകമായ പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഏഴും എട്ടും വയസ്സുള്ള രണ്ട് കുട്ടികളുടെ കാലുകൾക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ ഏറ്റവും പ്രായം കുറഞ്ഞത് രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞാണ്.
ബഹ്‌റൈൻ വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പരിക്കേറ്റ എല്ലാ വ്യക്തികളും നിലവിൽ വിദഗ്ധ മെഡിക്കൽ സംഘങ്ങളുടെ കർശന നിരീക്ഷണത്തിലാണ്. ഇവർക്ക് ആവശ്യമായ തുടർചികിത്സയും പരിചരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിവിലിയൻ മേഖലകളെ ലക്ഷ്യം വെച്ചുള്ള ഈ ആക്രമണം രാജ്യത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
dsfsf


