സിത്രയിലെ ഇറാൻ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ജലീല അലവി എംപി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: സിത്ര മേഖലയിലുണ്ടായ ഇറാനിയൻ ആക്രമണത്തിൽ പരിക്കേറ്റ പൗരന്മാർക്കും താമസക്കാർക്കും അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുമെന്ന് ഇവിടെയുള്ള പാർലിമെന്റ് പ്രതിനിധി ജലീല അലവി അൽ-സെയ്ദ് എംപി വ്യക്തമാക്കി. ആക്രമണം നടന്ന സ്ഥലവും തകർന്ന വീടുകളും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവർ. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച എംപി അവരുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞു.

സിത്രയിലുണ്ടായ ഈ ക്രൂരമായ ആക്രമണം ജനങ്ങൾക്കിടയിൽ വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ബാധിക്കപ്പെട്ട കുടുംബങ്ങളിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും തിരിച്ചുവരട്ടെയെന്നും അവർ ആശംസിച്ചു. തകർന്ന വീടുകളുടെയും വസ്തുവകകളുടെയും അറ്റകുറ്റപ്പണികൾക്കായി ബന്ധപ്പെട്ട അധികൃതരുമായി ഏകോപിച്ച് പ്രവർത്തിക്കുമെന്നും ആവശ്യമായ പിന്തുണ നൽകുമെന്നും എംപി ഉറപ്പുനൽകി.

ആക്രമണത്തിന് തൊട്ടുപിന്നാലെ സുരക്ഷാ സേനയും ആംബുലൻസ് വിഭാഗവും നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിനെ എംപി പ്രശംസിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെയാണ് പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കിയത്. ദുഷ്കരമായ സാഹചര്യത്തിലും പ്രൊഫഷണൽ രീതിയിൽ സ്ഥിതിഗതികൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരെ അവർ അഭിനന്ദിച്ചു.

രാജ്യം നേരിടുന്ന ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ജനങ്ങൾക്കിടയിൽ ഐക്യവും സഹകരണവും വർധിപ്പിക്കണമെന്ന് ജലീല അലവി ആഹ്വാനം ചെയ്തു. ബഹ്‌റൈൻ സമൂഹം എക്കാലത്തും ഐക്യത്തിനും പരസ്പര സഹകരണത്തിനും പേരുകേട്ടവരാണ്. സിത്രയിലെ ജനങ്ങൾ പരസ്പരം താങ്ങായി നിൽക്കുന്ന ചരിത്രമാണ് ഉള്ളത്. ദുരിതബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ സന്നദ്ധ സംഘടനകളും ജീവകാരുണ്യ പ്രവർത്തകരും മുന്നോട്ടുവരണമെന്നും അവർ അഭ്യർത്ഥിച്ചു.

ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വീടുകളുടെ പുനരുദ്ധാരണത്തിനായി വരും ദിവസങ്ങളിൽ ഔദ്യോഗിക നിർദ്ദേശങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ ജീവിതം സാധാരണ നിലയിലാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സമാധാനവും സംയമനവും പാലിക്കണമെന്നും എംപി തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

article-image

scddsesad

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed