ഇറാന്റെ ആക്രമണം: ബാപ്‌കോ എനർജീസ് പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി; പ്രാദേശിക വിതരണം തടസ്സപ്പെടില്ല
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിൽ തുടരുന്ന ഇറാനിയൻ ആക്രമണങ്ങളുടെയും, ബാപ്‌കോ റിഫൈനിംഗ് കമ്പനിക്കു നേരെ നടന്ന അക്രമത്തിൻ്റെയും പശ്ചാത്തലത്തിൽ ബാപ്‌കോ എനർജീസ് തങ്ങളുടെ പ്രവർത്തനങ്ങളിൽ 'ഫോഴ്‌സ് മജ്യൂർ' (Force Majeure) പ്രഖ്യാപിച്ചു. അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ സാഹചര്യങ്ങൾ മൂലം കരാർ പ്രകാരമുള്ള സേവനങ്ങളിൽ താൽക്കാലിക തടസ്സം നേരിടുമ്പോഴാണ് ഇത്തരം നടപടി സ്വീകരിക്കുന്നത്.
എങ്കിലും, രാജ്യത്തെ പ്രാദേശിക വിപണിയിലെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ സാധിക്കുമെന്ന് കമ്പനി ഉറപ്പുനൽകി. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതികൾ പ്രകാരം ഇന്ധന വിതരണവും മറ്റ് സേവനങ്ങളും തടസ്സമില്ലാതെ തുടരുമെന്നും ബാപ്‌കോ എനർജീസ് വ്യക്തമാക്കി.
തങ്ങളുടെ പങ്കാളികളുമായും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ വിവരങ്ങൾ അവരെ അറിയിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിലെ പ്രതിസന്ധിഘട്ടത്തിലും ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
്ിു്ു


