ദിഷാ പഠാനിയുടെ വസതിക്കു നേരെയുണ്ടായ വെടിവയ്പ്പ്; പ്രതികൾ പോലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടു


ഷീബ വിജയൻ 

ലക്നോ I നടി ദിഷാ പഠാനിയുടെ വസതിക്കു നേരെ വെടിവയ്പുണ്ടായ സംഭവത്തില്‍ പ്രതികളായ രണ്ടുപേര്‍ പോലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടു. റോഹ്തക്കില്‍ നിന്നുളള രവീന്ദ്ര, സോണിപത് സ്വദേശി അരുണ്‍ എന്നിവരാണ് കൊല്ലപ്പെട്ട പ്രതികള്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് വെടിവെയ്പുണ്ടായത്. പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരും കുപ്രസിദ്ധ കുറ്റവാളി സംഘത്തില്‍പ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധമുളള ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് ദിഷയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലെ വീടിന് നേരെ ആക്രമണമുണ്ടായത്. നടിയുടെ സഹോദരി നടത്തിയ വിവാദ പ്രസ്താവനയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ.

സെപ്റ്റംബര്‍ 12ന് പുലര്‍ച്ചയാണ് ബറേലിയിലെ സിവില്‍ ലൈന്‍സ് പ്രദേശത്തുളള ദിഷയുടെ വസതിയില്‍ വെടിവയ്പ്പുണ്ടായത്. നടിയുടെ പിതാവ് റിട്ട. പോലീസ് സൂപ്രണ്ട് ജഗദീഷ് സിംഗ് പഠാനി, മാതാവ്, സഹോദരി ഖുഷ്ബു പഠാനി എന്നിവർ താമസിക്കുന്ന വീട്ടിലാണ് ആക്രമണമുണ്ടായത്. ആക്രമണം നടന്നതിന് പിന്നാലെ ഗോള്‍ഡി ബ്രാര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഗോള്‍ഡി ബ്രാര്‍ പറഞ്ഞത്. യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്‍റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസിന്‍റെ ക്രൈം ഇന്‍റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അക്രമികള്‍ പോലീസിനു നേരെ വെടിയുതിര്‍ത്തെന്നും അത് തടയുന്നതിനിടെയാണ് പ്രതികള്‍ക്ക് വെടിയേറ്റതെന്നും പോലീസ് അറിയിച്ചു. ഇവരെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയില്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.

article-image

sxsadas

You might also like

Most Viewed