ഇന്ത്യയ്‌ക്ക് അധിക തീരുവ ചുമത്തിയത് യുക്രെയ്നെതിരായ റഷ്യൻ ആക്രമണം നിർത്താനെന്ന് യുഎസ്

ഷീബ വിജയൻ
ന്യൂഡൽഹി I ഇന്ത്യയ്‌ക്കുമേൽ അധിക തീരുവ ചുമത്തിയത് യുക്രെയ്നെതിരായ യുദ്ധവും ആക്രമണവും നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണെന്ന് അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ്. എൻബിസി ന്യൂസിന്‍റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഷ്യ എണ്ണ വിറ്റ് സമ്പന്നരാകുന്നത് തടയാനാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ലക്ഷ്യമിട്ടതെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ, റഷ്യയിൽനിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്ന ചൈനയ്ക്കെതിരെ താരിഫ് വർധിപ്പിക്കാത്തതിൽ ഒന്നും പ്രതികരിച്ചില്ല. യുക്രെയ്നെതിരെ യുദ്ധം നിർത്തിയില്ലെങ്കിൽ റഷ്യ ഒറ്റപ്പെട്ട് കിടക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22ന് ജയ്‌പൂരിൽ നടത്തിയ പ്രതികരണത്തിൽ ഇതായിരുന്നില്ല ജെഡി വാൻസിന്‍റെ നിലപാട്. ഇന്ത്യയും അമേരിക്കയും തമ്മിൽ ബന്ധം മെച്ചപ്പെടുത്തണമെന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ അമേരിക്കൻ നിർമിത ഊർജ, സൈനിക ഉപകരണങ്ങൾ ഇന്ത്യ വാങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് യുക്രൈനെതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് കരുത്തേകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
TYTHGTRT