തെരുവ് നായ്ക്കളെ പിടികൂടാനുള്ള സുപ്രീംകോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി

ഷീബ വിജയൻ
ന്യൂഡൽഹി I ഡൽഹിയിൽനിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിർദേശത്തിനെതിരെ പ്രതികരണവുമായി കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ക്രൂരമായ നടപടിയെന്നാണ് അദ്ദേഹം കോടതി നിർദേശത്തെ വിശേഷിപ്പിച്ചത്. ഡൽഹി-രാജ്യ തലസ്ഥാന മേഖലയിൽനിന്ന് എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാനുള്ള സുപ്രീം കോടതിയുടെ നിർദേശം പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ നയത്തിൽ നിന്നുള്ള പിൻനടത്തമാണ്. ഈ മിണ്ടാപ്രാണികളുടേത് തേച്ച് മായ്ച്ച് കളയേണ്ട ഒരു പ്രശ്നമല്ല. ഷെൽട്ടറുകൾ, വന്ധ്യംകരണം, വാക്സിനേഷൻ, കമ്മ്യൂണിറ്റി പരിചരണം എന്നിവയിലൂടെ തെരുവുകളെ സുരക്ഷിതമായി നിലനിർത്താൻ സാധിക്കും. ഇത് ക്രൂരവും ദീർഘവീക്ഷണമില്ലാത്തതും കരുണയില്ലാത്തതുമാണ്. പൊതു സുരക്ഷയും മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കണം -രാഹുൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
എന്നാൽ, കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് വരുന്നത്. തെരുവ് നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും തെരുവുകൾ കുട്ടികൾക്കും പ്രായമായവർക്കുമെല്ലാം സ്വതന്ത്രവും സുരക്ഷിതവുമായിരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
XVVCV