ആവേശം വിതറി ബി.ടി.എസ് വരുന്നു; നാല് വർഷത്തിന് ശേഷം പുതിയ ആൽബം പ്രഖ്യാപിച്ചു
ഷീബ വിജയൻ
സോൾ: ലോകമെമ്പാടുമുള്ള കെ-പോപ്പ് ആരാധകർക്ക് പുതുവത്സര സമ്മാനമായി ബി.ടി.എസിന്റെ സമ്പൂർണ്ണ തിരിച്ചുവരവ് പ്രഖ്യാപനം. നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി അംഗങ്ങളെല്ലാം തിരിച്ചെത്തിയ ശേഷമുള്ള സംഘത്തിന്റെ ആദ്യ ആൽബം മാർച്ച് 20-ന് പുറത്തിറങ്ങുമെന്ന് ബിഗ്‌ഹിറ്റ് മ്യൂസിക് അറിയിച്ചു. മൂന്ന് വർഷവും ഒമ്പത് മാസവും നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആരാധകർ ഏറെ കാത്തിരുന്ന ഈ സംഗീത വിരുന്ന് എത്തുന്നത്.
14 ട്രാക്കുകൾ ഉൾപ്പെടുത്തിയ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് മാർച്ചിൽ റിലീസ് ചെയ്യുന്നത്. ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളും ഒരുമിച്ചെത്തുന്ന ഈ പ്രോജക്റ്റ് വളരെ വ്യക്തിപരമാണെന്നും ആരാധകരെ മനസ്സിൽ കണ്ടുകൊണ്ടാണ് ഇത് സൃഷ്ടിച്ചതെന്നും ബാൻഡ് അംഗങ്ങൾ വ്യക്തമാക്കി. ആൽബം പ്രഖ്യാപനത്തോടൊപ്പം മൂന്ന് ചുവന്ന വൃത്തങ്ങൾ ഉൾക്കൊള്ളുന്ന പുതുക്കിയ ബ്രാൻഡ് ഡിസൈനും ബിഗ്‌ഹിറ്റ് മ്യൂസിക് പുറത്തുവിട്ടു.
2013-ൽ അരങ്ങേറ്റം കുറിച്ച ബി.ടി.എസ് കേവലം വിനോദത്തിനപ്പുറം സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ പാട്ടുകളിലൂടെ അവതരിപ്പിച്ചാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ഗ്രാമി നോമിനേഷൻ നേടുന്ന ആദ്യ കെ-പോപ്പ് ബാൻഡ് എന്ന ബഹുമതിയും യുഎൻ ജനറൽ അസംബ്ലിയിലെ പ്രസംഗവും ഇവർക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. 'ഡൈനാമൈറ്റ്', 'ബട്ടർ' തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം ബി.ടി.എസ് ഒരുക്കുന്ന ഈ പുതിയ അധ്യായം ആഗോള സംഗീത വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.
adsscsdsda

