വിജയ്‌യെ മുഖ്യമന്ത്രിയാക്കാൻ തയ്യാറെങ്കിൽ സഖ്യം; ബിജെപിയുമായി അടുത്ത് ടിവികെ
ഷീബ വിജയൻ
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ തേടി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ). വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്ന ഏത് കക്ഷിയുമായും സഖ്യത്തിന് തയ്യാറാണെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭരണകക്ഷിയായ ഡിഎംകെയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിവികെ സഖ്യ ചർച്ചകൾക്ക് വഴിതുറക്കുന്നത്.
ബിജെപി കേന്ദ്ര നേതൃത്വവുമായി ടിവികെ ചർച്ചകൾ നടത്തിയെന്ന വാർത്തകൾക്ക് പിന്നാലെയാണ് പാർട്ടിയുടെ ഈ നിലപാട് മാറ്റം ശ്രദ്ധേയമാകുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ വിരുദ്ധ മുന്നണി ശക്തമാക്കാൻ പരമാവധി കക്ഷികളെ ഒപ്പം കൂട്ടണമെന്ന് സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. വിജയ്‌യുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം താല്പര്യം പ്രകടിപ്പിച്ചതായാണ് സൂചന. മുൻപ് ബിജെപിയുമായും ഡിഎംകെയുമായും സഖ്യമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ടിവികെ, നിലവിലെ സാഹചര്യം പരിഗണിച്ചാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്.
കോൺഗ്രസുമായി ടിവികെ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും സീറ്റ് വിഭജനത്തിലടക്കം തീരുമാനമാകാത്തതിനാൽ അത് പാതിവഴിയിൽ നിലച്ചു. ഇതിനിടെ മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംടിയുഎംകെ വിജയ്‌ക്കൊപ്പം ചേരാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 20 സീറ്റുകളാണ് പനീർശെൽവം ആവശ്യപ്പെടുന്നത് എങ്കിലും 15 സീറ്റുകൾ നൽകാമെന്നാണ് ടിവികെയുടെ നിലപാട്. 2024 ഒക്ടോബറിൽ പാർട്ടി പ്രഖ്യാപിച്ചത് മുതൽ ഡിഎംകെ വിരുദ്ധ ചേരിയിലെ പ്രബല ശക്തിയാകാനാണ് വിജയ് ലക്ഷ്യമിടുന്നത്.

