ഇന്ത്യൻ ഫുട്ബാൾ തകർച്ചയുടെ വക്കിൽ; ഫിഫയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ താരങ്ങൾ
ശാരിക / ന്യൂഡൽഹി
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്റെ കെടുകാര്യസ്ഥതയിൽ ഇന്ത്യൻ ഫുട്ബാൾ തകർച്ചയുടെ വക്കിലെത്തിയതോടെ, അന്താരാഷ്ട്ര ഫുട്ബാൾ ബോഡിയായ ഫിഫയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ താരങ്ങൾ രംഗത്തെത്തി. ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി, ദേശീയ താരങ്ങളായ ഗുർപ്രീത് സിങ് സന്ധു, സന്ദേശ് ജിങ്കാൻ, മൻവീർ സിങ്, രാഹുൽ ഭേകെ തുടങ്ങിയവരാണ് ഒരു വീഡിയോ സന്ദേശത്തിലൂടെ തങ്ങളുടെ ആശങ്കകൾ ലോകത്തിന് മുന്നിൽ പങ്കുവെച്ചത്. സാധാരണഗതിയിൽ ജനുവരി മാസം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളാൽ സജീവമാകേണ്ട സമയമാണെന്നും എന്നാൽ ഇപ്പോൾ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നതെന്നും താരങ്ങൾ വീഡിയോയിൽ വ്യക്തമാക്കുന്നു.
ഐഎസ്എൽ മുടങ്ങിയത് മൂലം കളിക്കാരും ജീവനക്കാരും ക്ലബ്ബ് ഉടമകളും നേരിടുന്ന പ്രതിസന്ധി വിവരിച്ച സന്ദേശ് ജിങ്കാൻ, തങ്ങളുടെ ഭാവിയിൽ വ്യക്തതയും സംരക്ഷണവും വേണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യൻ ഫുട്ബാൾ അധികൃതർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നും രാജ്യം ഒരു വലിയ കായിക-സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും സുനിൽ ഛേത്രി ചൂണ്ടിക്കാട്ടി. തങ്ങളുടെ ഈ ആഹ്വാനം രാഷ്ട്രീയപരമല്ലെന്നും മറിച്ച് ഫുട്ബാൾ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കൂട്ടം കായികതാരങ്ങളുടെ അതിജീവനത്തിനായുള്ള അഭ്യർത്ഥനയാണെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയുടെ രാജി ആവശ്യപ്പെട്ട് ആരാധകരും പ്രതിഷേധമുയർത്തുന്നുണ്ട്.
പത്തു വർഷം പിന്നിട്ട ഇന്ത്യൻ സൂപ്പർ ലീഗിന്റെ വാണിജ്യ പങ്കാളികളായ എഫ്എസ്ഡിഎല്ലുമായുള്ള കരാർ കാലാവധി അവസാനിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. പുതിയ കരാറുകാരെ കണ്ടെത്താൻ ഫെഡറേഷന് സാധിക്കാത്തതോടെ 2025-26 സീസൺ തുടങ്ങുന്നത് അനിശ്ചിതമായി നീണ്ടുപോയി. മിക്ക ക്ലബ്ബുകളും പരിശീലനം നിർത്തിവെക്കുകയും വിദേശ താരങ്ങളെ ഒഴിവാക്കുകയും ചെയ്ത അവസ്ഥയിലാണ്. കഴിഞ്ഞ ആഴ്ച എഐഎഫ്എഫ് മുന്നോട്ടുവെച്ച താൽക്കാലിക പരിഹാര നിർദ്ദേശത്തോട് 14ൽ 13 ക്ലബ്ബുകളും യോജിച്ചിട്ടുണ്ട്. ഹോം-എവേ മത്സരങ്ങൾ ഒഴിവാക്കി രണ്ട് അല്ലെങ്കിൽ മൂന്ന് വേദികളിലായി ടൂർണമെന്റ് സംഘടിപ്പിക്കാനാണ് നിലവിലെ ധാരണ. ഫെബ്രുവരി അഞ്ചിന് ലീഗ് തുടങ്ങുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും തീയതികളുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
sfgdsfg

