വെനസ്വേലൻ പ്രസിഡന്റ് മദുറോയെയും ഭാര്യയേയും ബന്ദിയാക്കിയെന്ന് ട്രംപ്
ശാരിക / കാരക്കാസ്
വെനസ്വേലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും യുഎസ് സൈന്യം ബന്ദിയാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. തലസ്ഥാനമായ കാരക്കാസ് അടക്കം ഏഴിടങ്ങളിൽ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ യുഎസ് സൈന്യമാണെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്. ശനിയാഴ്ച പുലർച്ചെ നടന്ന സൈനിക നീക്കത്തിലൂടെ ഇവരെ ബന്ദികളാക്കി കടത്തിക്കൊണ്ടുപോയെന്നാണ് ട്രംപ് വ്യക്തമാക്കിയത്. അമേരിക്കൻ സമയം രാവിലെ 11-ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ ട്രംപ് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് സൂചന.
അതേസമയം, പ്രസിഡന്റ് മദുറോയെ കാണാനില്ലെന്നും അദ്ദേഹം എവിടെയാണെന്നോ ജീവനോടെയുണ്ടോ എന്നോ അറിയില്ലെന്നും വെനസ്വേലൻ വൈസ് പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചു. അമേരിക്കയുടെ പ്രത്യേക വിഭാഗമായ ഡെൽറ്റ ഫോഴ്‌സാണ് വെനസ്വേലയിൽ ആക്രമണം നടത്തിയത്. സ്ഫോടനങ്ങൾക്കിടെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് കടന്നുകയറി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാകാമെന്നാണ് നിഗമനം. മദുറോയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികം യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ നിർണ്ണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
സ്ഫോടനങ്ങളെത്തുടർന്ന് വെനസ്വേലയിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മിറാൻഡ, അരഗ്വ, ലാ ഗ്വൈറ തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ തോതിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുലർച്ചെ മുതൽ തലസ്ഥാന നഗരിയിൽ സ്ഫോടനങ്ങളും യുദ്ധവിമാനങ്ങളുടെ സാന്നിധ്യവും കറുത്ത പുകയും ദൃശ്യമാകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെനസ്വേലയുടെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചതായി ട്രംപ് നേരത്തെ അറിയിച്ചിരുന്നു.
മയക്കുമരുന്ന് കടത്ത് തടയാനെന്ന പേരിൽ സിഐഎയ്ക്കും സൈന്യത്തിനും വെനസ്വേലയിൽ ആക്രമണം നടത്താൻ ട്രംപ് അനുമതി നൽകിയിരുന്നു. കരീബിയൻ കടലിൽ വെനസ്വേലൻ ബോട്ടുകൾക്ക് നേരെ അമേരിക്കൻ നാവികസേന നടത്തിയ ആക്രമണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായ സാഹചര്യത്തിലായിരുന്നു. മയക്കുമരുന്ന് മാഫിയയെ നേരിടാനെന്ന വ്യാജേന മദുറോ സർക്കാരിനെ താഴെയിറക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന വിമർശനവും ആഗോളതലത്തിൽ ഉയരുന്നുണ്ട്.
cvcxv

