മഡുറോയുടെ അറസ്റ്റ് അന്താരാഷ്ട്ര നിയമലംഘനം; ട്രംപിനെതിരെ ന്യൂയോർക്ക് മേയർ


ഷീബ വിജയൻ

ന്യൂയോർക്ക്: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറസിനെയും യുഎസ് സേന ബന്ദികളാക്കിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി രംഗത്തെത്തി. ഒരു പരമാധികാര രാഷ്ട്രത്തിന് നേരെ അമേരിക്ക നടത്തിയത് ഏകപക്ഷീയമായ സൈനിക നീക്കമാണെന്നും ഇത് യുദ്ധത്തിന് സമാനമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎസ് നിയമങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് മംദാനി എക്സിൽ (X) കുറിച്ചു.

ഭരണമാറ്റത്തിന് വേണ്ടിയുള്ള ഈ കടന്നുകയറ്റം വെനിസ്വേലയുടെ അതിർത്തികൾക്ക് അപ്പുറത്തേക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിൽ താമസിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലൻ വംശജരെ ഈ സാഹചര്യം നേരിട്ട് ബാധിക്കും. കുടിയേറ്റ സമൂഹങ്ങൾക്കിടയിൽ ഇത് വലിയ ഭീതിയും അനിശ്ചിതത്വവും സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരത്തിലെ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പൊതുജന സുരക്ഷയ്ക്കാണ് പ്രാഥമിക പരിഗണനയെന്നും മേയർ വ്യക്തമാക്കി.

ശനിയാഴ്ച പുലർച്ചെ ഡെൽറ്റ ഫോഴ്‌സ് നടത്തിയ മിന്നൽ ആക്രമണത്തിലാണ് മഡുറോയെയും ഭാര്യയെയും ബന്ദികളാക്കിയത്. ഇവരെ ഇപ്പോൾ ന്യൂയോർക്കിലെത്തിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത്, ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി, ആയുധ കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മാസങ്ങളോളം നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലായിരുന്നു വെനിസ്വേലൻ തലസ്ഥാനമായ കരാക്കസിൽ യുഎസ് സേന വ്യോമാക്രമണവും പിന്നീട് കരയാക്രമണവും നടത്തിയത്.

അതേസമയം, വെനിസ്വേലയിൽ ശരിയായ അധികാര കൈമാറ്റം നടക്കുന്നത് വരെ രാജ്യം അമേരിക്കയുടെ ഭരണത്തിന് കീഴിലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. മഡുറോയുടെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ട ട്രംപ്, അദ്ദേഹം വിചാരണ നേരിടേണ്ടി വരുമെന്നും ആവശ്യമെങ്കിൽ വെനിസ്വേലയിൽ വീണ്ടും സൈനിക നടപടി സ്വീകരിക്കാൻ മടിക്കില്ലെന്നും അറിയിച്ചു. എന്നാൽ ഇതൊരു സാമ്രാജ്യത്വ അധിനിവേശമാണെന്ന് വിശേഷിപ്പിച്ച വെനിസ്വേലൻ സർക്കാർ, പ്രസിഡന്റിനെയും ഭാര്യയെയും ജീവനോടെ ഹാജരാക്കണമെന്ന് ആവശ്യപ്പെടുകയും ജനം തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

article-image

qwaeqwaqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed