കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പദ്ധതി



കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെടുന്ന പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം തുടങ്ങി. ഇതിന് പുറമെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നുവെന്ന് സംശയിക്കപ്പെടുന്ന അക്കൗണ്ടുകളുടെ പ്രവര്‍ത്തനവും തടയും. രാജ്യത്തെ ബാങ്കുകളുമായി ചേര്‍ന്ന് ആഭ്യന്തര മന്ത്രാലയമാണ് ഇതിനുള്ള നീക്കം തുടങ്ങിയതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു.
നാടുകടത്തപ്പെട്ട പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പിന്നീട് നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇതിന് താമസകാര്യ വിഭാഗത്തിന്റെയും ബാങ്കുകളുടെയും യോജിച്ച പ്രവര്‍ത്തനം ആവശ്യമായി വരും. എന്നാല്‍ ഈ നിര്‍ദേശം എല്ലാ അക്കൗണ്ടുകളുടെ കാര്യത്തിലും ഉടന്‍ തന്നെ നടപ്പാക്കാന്‍ പ്രായോഗിക പ്രയാസങ്ങളുണ്ടെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ അഭിപ്രായപ്പെട്ടു.
മിനിമം ബാലന്‍സ് ആവശ്യമില്ലാത്തതോ അല്ലെങ്കില്‍ പണമൊന്നും ഇല്ലാത്തതോ ആയ സാധാരണ പ്രവാസികളുടെ അക്കൗണ്ടുകള്‍ റദ്ദാക്കുന്നതിനോ മരവിപ്പിക്കുന്നതിനോ തടസമുണ്ടാകില്ല. എന്നാല്‍ ലോണ്‍ അടച്ചുതീര്‍ക്കാനോ മറ്റോ ബാക്കിയുള്ള അക്കൗണ്ടുകള്‍ ഉടനെ ക്ലോസ് ചെയ്യാന്‍ സാധിക്കില്ല. അക്കൗണ്ട് ഉടമ രാജ്യത്ത് തന്നെ വേണമെന്നില്ലാത്ത തരത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന അക്കൗണ്ടുളും റദ്ദാക്കാനാവില്ല. ഇത്തരം അക്കൗണ്ടുകളില്‍ ഉടമകള്‍ ഇടപാടുകള്‍ അവസാനിപ്പിച്ചതിന് ശേഷമേ തുടര്‍ നടപടികള്‍ സാധ്യമാവൂ എന്നാണ് ബാങ്കിങ് രംഗത്തുള്ളവരുടെ അഭിപ്രായം.

You might also like

Most Viewed