ഇറാൻ ആക്രമണം: കുവൈത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് വീരമൃത്യു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് കുവൈത്ത് വിടചൊല്ലി. ലാൻഡ് ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ ഷറഹ്, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ മുജമദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെയാണ് ഇവർക്ക് ജീവൻ നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ധീരമായി നിലകൊള്ളുന്ന സൈനികരുടെ വിയോഗത്തിൽ മന്ത്രാലയം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മേഖലയിലെ സമാധാനത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ഇത്തരം ആക്രമണങ്ങൾ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് പറഞ്ഞു. അറബ് ലീഗ് മന്ത്രിതല യോഗത്തിൽ സംസാരിക്കവേ, തർക്കങ്ങളിൽ ഭാഗമല്ലാത്ത രാജ്യങ്ങൾക്കെതിരെ പോലും ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷ ഒരൊറ്റ യൂണിറ്റാണെന്നും ഇതിനെതിരായ നീക്കങ്ങളെ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28 മുതൽ കുവൈത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങളാണ് നടക്കുന്നത്. ഇതുവരെ 234 മിസൈലുകളും 422 ഡ്രോണുകളും കുവൈത്ത് ലക്ഷ്യമാക്കി എത്തിയതായി വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണങ്ങളിൽ 11 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയുള്ള സിവിലിയന്മാരും സൈനികരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. ജനവാസ മേഖലകളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ ആകാശത്തുവെച്ച് തകർക്കുന്നതിന്റെ ഭാഗമായി ഉണ്ടായതാണെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ അത്‌വാൻ അറിയിച്ചു.
aa


