കുവൈത്ത് ജനസംഖ്യാ അസന്തുലനം കുറയ്ക്കാൻ കർമസമിതിയെ നിയോഗിച്ചു

കുവൈത്ത് സിറ്റി : ജനസംഖ്യാ അസന്തുലനം കുറയ്ക്കാൻ ഉന്നതാധികാര സമിതി സമർപ്പിച്ച ശുപാർശകൾ നടപ്പാക്കാൻ മാൻപവർ അതോറിറ്റി കർമസമിതിയെ നിയോഗിച്ചു. ശുപാർശകൾ നടപ്പിലാക്കാനുള്ള രൂപരേഖ തയാറാക്കുക എന്നതാണ് കർമസമിതിയുടെ പ്രഥമ കർത്തവ്യം. വിദേശ, ആഭ്യന്തര, വാണിജ്യ−വ്യവസായ, ആരോഗ്യ മന്ത്രാലയങ്ങൾ, സെൻട്രൽ ടെൻഡർ ബോർഡ്, മാൻപവർ അതോറിറ്റി എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് കർമസമിതി.
സാമൂഹിക− തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹിന്റെ നിർദേശാനുസരണം ജനസംഖ്യാ അസന്തുലനം കുറയ്ക്കാൻ വിവിധ നടപടികൾ വിവിധ തലങ്ങളിൽ നടത്തിവരുന്നുണ്ട്. വ്യവസായം, കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ വിസ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റുന്നത് നിർത്തിവച്ചത് ഇതിന്റെ ഭാഗമായാണ്. പ്രോജക്ട് വിസയിലുള്ളവർ പദ്ധതി കാലാവധി തീരുന്ന സാഹചര്യത്തിൽ സ്വദേശത്തേക്കു തിരിച്ചുപോകണമെന്നും വ്യവസ്ഥയുണ്ട്.
വിസ നൽകി കുവൈത്തിൽ എത്തിക്കുകയും അവർക്ക് തൊഴിൽ നൽകാതിരിക്കുകയും ചെയ്യുന്ന സ്പോൺസർമാർക്ക് കനത്ത പിഴ നൽകാനും തീരുമാനിച്ചിരുന്നു. ശുചീകരണത്തൊഴിലാളികളുടെയും സെക്യൂരിറ്റികളുടെയും എണ്ണത്തിൽ 25% കുറവ് വരുത്തണമെന്ന നിർദേശവും ജനസംഖ്യാ അസന്തുലനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്. കുവൈത്തിൽ നിലവിൽ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്.